വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിൽ നിന്ന് വമ്പൻമാരുടെ പിൻമാറ്റം; കാരണമെന്ത്?
ദളപതി 69 ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണെന്ന് ആയിരുന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാൽ ആരാധകര്‍ വളരെ ആവേശത്തിലായിരുന്നു. അവര്‍ പിൻമാറിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
സംവിധാനം കാര്‍ത്തിക് സുബ്ബരാജായിരിക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. വിജയ് നായകനാകുന്ന ദളപതി 69ന്റെ സംവിധായകനായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ വെട്രിമാരനും ഉള്‍പ്പെട്ടിരുന്നു. ഹിറ്റ്‍മേക്കര്‍ ത്രിവിക്രത്തെ വിജയ് ചിത്രത്തിന്റെ സംവിധായകനായി പരിഗണിക്കുന്നു എന്നും സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടുവില്‍ എച്ച് വിനോദായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്ന് ഏകദേശം ഒരു ധാരണലെത്തിയിരുന്നു.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു ഇത്. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് എന്ന നടൻ മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.