താക്കുർളി ശ്രീ മുത്തപ്പൻ, തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8,9 തീയതികളിൽ
മുംബൈ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഫെബ്രുവരി 7,8,9 തീയതികളിൽ താക്കൂർളി ചൊലേഗാവ് ജാനു പാട്ടിൽ ഗ്രൗണ്ടിൽ കൊണ്ടാടും.
ഫെബ്രു:7 ന് രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമിടും. വൈകിട്ട് അഞ്ചരയ്ക്ക് പരമ്പരാഗതമായ രീതിയിൽ തന്നെ താക്കുർളി താലാബി നടുത്തുള്ള ശിവ മന്ദിരിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര തുടങ്ങി 8 മണിയോടുകൂടി മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും. അതിനുശേഷം മുംബൈയിലെ പ്രശസ്തരായ നാടൻപാട്ട് ബാൻഡ് ആയ ” തുടിപ്പ് ഫോക് ബാൻഡ് ” അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.
ഫെബ്രു:8 ശനിയാഴ്ച പത്തുമണിക്ക് മുത്തപ്പൻ മലയിറക്കൽ കർമ്മം. വൈകിട്ട് 3.30 മുത്തപ്പൻ വെള്ളാട്ട ദർശനവും ഉണ്ടായിരിക്കുന്നതാണ്.
കാലത്ത് 11 മണിക്ക് സാംസ്കാരിക സമ്മേളനം, തുടർന്ന് മുത്തപ്പൻ കലാവിഭാഗം അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
വൈകിട്ട് 6 മണിക്ക് വാദ്യഘോഷങ്ങൾ,താലപ്പൊലി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടുകൂടി കലശം വരവ് ഘോഷയാത്ര താക്കുർളി തലാബിന് അടുത്തുള്ള ശിവമന്ദിറിൽ നിന്നും തുടങ്ങി 9 മണിക്ക് മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും. ഘോഷയാത്രയിൽ കേരളത്തിലെ പ്രശസ്ത വയലിസ്റ്റ് ഗൗരി കൃഷ്ണ നയിക്കുന്ന ഫ്യൂഷൻ ഉണ്ടായിരിക്കുന്നതാണ്.
ഫെബ്രു :9 ന് ഭക്തിനിർഭരമായ പരിപാടികൾ തുടരും. കാലത്ത് 5.30 മുതൽ തിരുവപ്പന പുറപ്പാടും മുത്തപ്പ ദർശനവും ഉണ്ടായിരിക്കും. പത്തുമണിക്ക് പള്ളിവേട്ട തുടർന്ന് മുത്തപ്പദർശനം തുടരും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.
താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് കഴിഞ്ഞ 26 വർഷക്കാലമായി ശ്രീ മുത്തപ്പന്റെ തിരുവപ്പന മഹോത്സവം ഭക്തിസാന്ദ്രമായ ആചാര അനുഷ്ഠാനങ്ങളോടെ കെട്ടിയാടി വരുന്നു. കലാസാംസ്കാരിക, ആതുരസേവനരംഗത്ത് സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയാണ് ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ്.
താക്കൂർളി, ഡോംബിവിലി പ്രദേശത്തെ ഒരു ഉത്സവത്തിന്റെ പ്രതീതിയിൽ എത്തിക്കുന്ന ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈ വർഷവും ചിട്ടയോടും ഭംഗിയോടും കൂടി നടത്തപ്പെടുമെന്നും എല്ലാ മുത്തപ്പൻ ഭക്തരേയും മഹോത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.