രാജ്യത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കാന്‍ തീരുമാനമെടുത്ത് തായ്‌ലന്‍ഡ് സര്‍ക്കാര്‍
തായ്‌ലന്‍ഡ് : രാജ്യത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കാന്‍ തീരുമാനമെടുത്ത് തായ്‌ലന്‍ഡ് സര്‍ക്കാര്‍. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് വേണ്ടിയാണ് തായ്‌ലന്‍ഡിന്റെ ഈ നീക്കം. ചൂതാട്ട കേന്ദ്രങ്ങള്‍ക്ക് 30 വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം കൂടെ തേടിയ ശേഷമായിരിക്കും നിയമത്തിന് അന്തിമ അനുമതി നല്‍കുക.
30 വര്‍ഷത്തിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും. ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വന്‍കിട എന്റര്‍ടൈന്‍മെന്റ് കോംപ്ലക്‌സുകളോട് ചേര്‍ന്നാണ് ക്യാസിനോകള്‍ക്ക് അനുമതി നല്‍കുക. ചൂതാട്ടകേന്ദ്രങ്ങളുടെ പറുദീസകളായി കരുതപ്പെടുന്ന മക്കാവു, ലാസ്‌വേഗസ് മാതൃകയില്‍ തായ്‌ലന്‍ഡില്‍ കാസിനോകള്‍ ആരംഭിക്കാന്‍ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
സ്രെത്ത തവിസിന്‍ തായ്ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ രാജ്യത്ത് ടൂറിസം വരുമാനം വര്‍ധിപ്പിക്കാനായി വന്‍ പരിഷ്‌കാരങ്ങള്‍ ക്കൊണ്ടിരിക്കുകയാണ്. ടൂറിസത്തിലൂടെ പരമാവധി വിദേശനാണ്യം നേടുക എന്നതാണ് പുതിയ സര്‍ക്കാരിന്റെ നയം. നിശാക്ലബ്ബുകളുടെയും കരോക്കേ ബാറുകളുടെയും പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചതും കഞ്ചാവ് നിയവിധേയമാക്കിയതും വലിയ വാര്‍ത്തയായിരുന്നു. നിരവധി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിച്ചും തായ്‌ലന്‍ഡ് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൂതാട്ട കേന്ദ്രങ്ങള്‍ നിയമവിധേയമാക്കാനുള്ള തീരുമാനം.