ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ മുംബൈയിൽ തുറന്നു.

മുംബൈ :എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ തുറന്നു. ഇന്ന് (ഓഗസ്റ്റ് 4) സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ആദ്യ ചാർജിങ് സ്റ്റേഷൻ ആരംഭിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ വൺ ബികെസിയിലാണ് ചാർജിങ് സ്റ്റേഷൻ.
നാല് വി4 സൂപ്പർചാർജിങ് സ്റ്റാളുകളോടെയും (ഡിസി ഫാസ്റ്റ് ചാർജറുകൾ) നാല് എസി ഡെസ്റ്റിനേഷൻ ചാർജറുകളോടെയുമാണ് പുതിയ ചാർജിങ് സ്റ്റേഷൻ തുറന്നത്. ഡിസി ഫാസ്റ്റ് ചാർജറുകൾ 250 കിലോവാട്ട് പീക്ക് ചാർജിങ് വേഗത വാഗ്‌ദാനം ചെയ്യുന്നുണ്ട്. കിലോവാട്ടിന് 24 രൂപയാണ് ഇതിന്‍റെ നിരക്ക്. അതേസമയം, ഡെസ്റ്റിനേഷൻ ചാർജറുകൾ 11 കിലോവാട്ട് പീക്ക് ചാർജിങ് വേഗതയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് കിലോവാട്ടിന് 14 രൂപയാണ്.
ടെസ്‌ല കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയിൽ അതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജൂലൈ 15നാണ് ടെസ്‌ലയുടെ ആദ്യ ഷോറൂം മുംബൈയിൽ തുറന്നത്. ഇതിന് പിന്നാലെയാണ് ആദ്യ ചാർജിങ് സ്റ്റേഷനും ആരംഭിച്ചത്. മഹാരാഷ്ട്രയിൽ തന്നെ മൂന്ന് ചാർജിങ് സ്റ്റേഷനുകൾ കൂടി തുറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. നേവി മുംബൈ, താനെ, ലോവർ പരേൽ എന്നിവിടങ്ങളിലായിരിക്കും തുറക്കുകയെന്നാണ് സൂചന.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ മേക്കർ മാക്‌സിറ്റി കൊമേഴ്‌സ്യൽ കോംപ്ലക്‌സിലാണ് ആദ്യ എക്‌സ്‌പീരിയൻസ് സെന്‍റർ ആരംഭിച്ചത്. ആദ്യ ഷോറൂം ആരംഭിച്ചതിനൊപ്പം കമ്പനി 59.89 ലക്ഷം രൂപ മുതൽ പ്രാരംഭവിലയിലുള്ള ടെസ്‌ല മോഡൽ വൈ ഇലക്‌ട്രിക് കാറും പുറത്തിറക്കിയിരുന്നു. ഇവി ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫാസ്റ്റ് ചാർജിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. രാജ്യത്തുടനീളം ടെസ്‌ല കാറുകളിലുള്ള യാത്ര സുഗമമാക്കുന്നതിന് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും കമ്പനി പറഞ്ഞു.