ബലുചിസ്ഥാനിൽ 2 ഭീകരാക്രമണങ്ങളിൽ 33 മരണം; യാത്രക്കാരെ ബസ്സിൽ നിന്ന് പിടിച്ചിറക്കി കൊലപ്പെടുത്തി

0

കറാച്ചി : പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ആയുധധാരികൾ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. മുസാഖേൽ ജില്ലയിലുണ്ടായ ആക്രമണത്തിൽ പഞ്ചാബ് പ്രവിശ്യയിൽനിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികൾ ഇവരെ ബസിൽനിന്നു പിടിച്ചിറക്കി തിരിച്ചറിയൽരേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇവരിൽ പലരും തെക്കൻ പഞ്ചാബിൽനിന്നുള്ളവരാണ്. ഖൈബർ പഖ്തുഖ്വയിൽനിന്നുള്ള ചിലരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.

ഖലാത് ജില്ലയിലുണ്ടായ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലു പൊലീസുകാരും ഉൾപ്പെടുന്നു. ഓഗസ്റ്റ് 24ന് രാത്രിയിലാണ് ബലുചിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മുസാഖേലിലെ ദേശീയപാതയിൽ 12 വാഹനങ്ങൾ ഭീകരർ അഗ്നിക്കിരയാക്കുകയും ചെയ്തു. മറ്റൊരു ആക്രമണത്തിൽ ബോലാനിലെ ഡോസാൻ മേഖലയിൽ റെയിൽവേ പാലം തകർന്നു.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ തീരെ വികസിച്ചിട്ടില്ലാത്ത മേഖലയാണിത്. മേഖലയിൽ ജോലി ചെയ്യുന്ന പഞ്ചാബികൾക്കും സിന്ധികൾക്കും നേർക്ക് ബലൂച് വിഘടനവാദികൾ ആക്രമണം കടുപ്പിക്കാറുണ്ട്. വിദേശ കമ്പനികൾക്കുനേരെയും ആക്രമണം ഉണ്ടാകാറുണ്ട്. പ്രവിശ്യയെ പരിഗണിക്കാതെ അവിടെനിന്നു ലഭിക്കുന്നത് മറ്റു നാട്ടുകാർ വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പരാതി.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പ്രസിഡന്റ് ആസിഫലി സർദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ വർഷം മാത്രം 170 ഭീകരാക്രമണങ്ങൾ ബലൂചിസ്ഥാനിൽ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. 151 സാധാരണക്കാരാണ് ഇതിൽ കൊല്ലപ്പെട്ടത്. 114 സുരക്ഷാ ജീവനക്കാരും മരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *