തേങ്കുറിശ്ശി ദുരഭിമാന കൊല: അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാർ
പാലക്കാട്∙ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു.