മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകമെന്നുറപ്പിച്ച് പോലീസ്
മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാളകം കവലയിലാണ് സംഭവം നടന്നത്.മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ തെളിഞ്ഞിരുന്നു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.പ്രതികൾ കുറ്റം സംമ്മതിച്ചിട്ടുണ്ട്. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്
പെൺസുഹൃത്തിനെ കാണാനായാണ് അശോക് ദാസ് ഇവിടെക്ക് എത്തിയത്. സുഹൃത്തുമായി തർക്കത്തിൽ ഏർപ്പെടുകയും, ഇതിനിടെ കൈ ചില്ലിൽ അടിച്ചതിനെ തുടർന്ന് മുറിയുകയും ചെയ്തിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചത്. മർദനത്തിൽ നെഞ്ചിനും തലയ്ക്കും ക്ഷതകേൾക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് എത്തിയാണ് അശോക്ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.പെൺസുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.