“സ്ഥിരം വിസിയെ നിയമിക്കും വരെ താത്കാലിക വിസിമാര്‍ക്ക് തുടരാം” :സുപ്രീം കോടതി

ന്യൂഡല്‍ഹി: സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെ നിയമനത്തില്‍ നിര്‍ണായ ഇടപെടലുമായി സുപ്രീം കോടതി. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തി ഗവർണറും സംസ്ഥാന സർക്കാരും വിഷയത്തില്‍ യോജിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.സംസ്ഥാന സർക്കാരിൻ്റെ ശുപാർശയില്ലാതെ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഗവർണർ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങൾ. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സർവകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക എന്നതായിരിക്കണം ആദ്യപടി എന്ന് അറ്റോർണി ജനറലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആ നടപടിക്രമങ്ങള്‍ക്ക് കുറച്ച് സമയമെടുത്തേക്കാം. അതിനാല്‍ പുതിയ ആളെ താത്കാലികമായി നിയമിച്ചോ അല്ലെങ്കിൽ ഇതിനകം നിയമിക്കപ്പെട്ട വ്യക്തിയെ വൈസ് ചാൻസലർ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചോ ചാൻസലർക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിഷയത്തില്‍ ഗവര്‍ണറായ ചാൻസലർ സഹകരണ മനോഭാവം പുലർത്തുമെന്നും സംസ്ഥാന സർക്കാരിൻ്റെ ശുപാർശകൾ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പുതിയ വിസി നിയമനങ്ങൾ പൂർത്തിയാകുന്നതുവരെ നിലവിലുള്ള താത്കാലിക വിസിമാരെ തുടരാൻ അനുവദിക്കണം. അല്ലെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ പുതിയൊരാളെ നിയമിക്കാന്‍ ഗവർണർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
“രണ്ട് സർവകലാശാലകളിലും വൈസ് ചാൻസലറെ നിയമിക്കുന്നതിന് ചാൻസലറുമായി കൂടിയാലോചിച്ചുള്ള സംവിധാനം സംസ്ഥാനം രൂപീകരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിച്ച്, ഉന്നത വിദ്യാഭ്യാസ മേഖലയുടെ സുഗമമായ പ്രവർത്തനത്തിന് പ്രധാന്യം നൽകണമെന്നും കോടതി വ്യക്തമാക്കി.
എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി എന്നീ സർവകലാശാലകളിലെ വിസി നിയമനങ്ങളിലാണ് ഈ ഉത്തരവ് ബാധകമാകുക.