തെലങ്കാന കെമിക്കൽ ഫാക്‌ടറി സ്‌ഫോടനം: മരണസംഖ്യ 41

ഹൈദരാബാദ്: തെലങ്കാനയിലെ സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 41 ആയി. ഇനിയും 9 പേരെ കണ്ടെത്താനായിട്ടില്ല. പട്ടാഞ്ചെരുവിലെ ധ്രുവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിതേന്ദറാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫാക്‌ടറിയിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്.
ജൂൺ 30നാണ് സംഗറെഡി ജില്ലയിലെ പട്ടാഞ്ചെരു മണ്ഡലത്തിലെ പശമൈലാറമിലുള്ള നിർമാണ പ്ലാൻ്റിൽ സ്ഫോടനം ഉണ്ടായത്.ടാബ്‌ലെറ്റുകളിലും കാപ്‌സ്യൂളുകളിലും ബൈൻഡിങ് ഏജൻ്റായി ഉപയോഗിക്കുന്ന മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് പൊടിയാണ് പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്നത്. അപകടത്തിൽ 33 തൊഴിലാളികൾ പരിക്കേറ്റ് ചികിത്സയിലായിരുന്നു. അവരിൽ 12 പേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
രക്ഷാപ്രവർത്തകർ സ്ഥലത്ത് നിന്ന് 30 ശരീരാവശിഷ്‌ടങ്ങളാണ് കണ്ടെത്തിയത്. അവ ഡിഎൻഎ വിശകലനത്തിനായി ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിട്ടുണ്ട്. അതിൻ്റെ ഫലം കൂടി വരുന്നതോടെ അപകടത്തെപ്പറ്റി കൂടുതൽ വ്യക്തതയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ശേഖരിച്ച 24 ഡിഎൻഎ സാമ്പിളുകളിൽ 22 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങൾക്ക് കൈമാറി.
മരിച്ചവർ ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പൊലീസിൻ്റെ അകടമ്പടിയോടെ മൃതദേഹങ്ങൾ ആംബുലൻസുകളിൽ അവരുടെ ജന്മസ്ഥലങ്ങളിലേക്ക് എത്തിച്ചു. അപകടത്തിൽ 61 പേർ സുരക്ഷിതരായി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ സിഗാച്ചി ഇൻഡസ്ട്രീസ് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നും കമ്പനി അറിയിച്ചു.