ടെക്കി യുവാവിനെ പാർട്ടിക്കിടെ നീന്തൽക്കുളത്തിൽ തള്ളിയിട്ട് കൊന്നു; സഹപ്രവർത്തകരടക്കം നാലുപേർ പിടിയിൽ
ഹൈദരാബാദ്: ടെക്കി യുവാവിനെ ഫാംഹൗസിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവാവിന്റെ സഹപ്രവര്‍ത്തകരടക്കം നാലുപേരെ അറസ്റ്റ് ചെയ്തു.
ഐ.ടി. ജീവനക്കാരനായ യുവാവിനെ നീന്തല്‍ക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതിനാണ് സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ പിടിയിലായത്. ഫാംഹൗസിലെ പാര്‍ട്ടിയില്‍ അനധികൃതമായി മദ്യം വിളമ്പിയതിന് ഐ.ടി. കമ്പനിയിലെ മാനേജരും നീന്തല്‍ക്കുളത്തിന് സമീപം മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് ഫാംഹൗസ് ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലെ ഐ.ടി. കമ്പനി ജീവനക്കാരനായ ഗജാംബികല്‍ അജയ് തേജ(24)യാണ് ഫാംഹൗസിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആദ്യം അപകടമരണമാണെന്ന് കരുതിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് യുവാവിനെ നീന്തല്‍ക്കുളത്തില്‍ തള്ളിയിട്ട് കൊന്നതാണെന്ന് വ്യക്തമായത്. ഇതോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അജയ് തേജയെ സഹപ്രവര്‍ത്തകരായ രഞ്ജിത് റെഡ്ഡിയും സായ് കുമാറുമാണ് നീന്തല്‍ക്കുളത്തില്‍ തള്ളിയിട്ടതെന്ന് പോലീസ് പറഞ്ഞു. ഐ.ടി. കമ്പനിയിലെ മാനേജരായ ശ്രീകാന്ത് ആണ് ഹൈദരാബാദിന് സമീപത്തെ ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കമ്പനിയിലെ പ്രൊജക്ട് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലും തന്റെ ജന്മദിനത്തിന്റെയും ഭാഗമായാണ് ശ്രീകാന്ത് സഹപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിക്കിടെ അര്‍ധരാത്രി 12.30-ഓടെ രഞ്ജിതും സായ്കുമാറും ചേര്‍ന്ന് അജയ് തേജയെ കൂട്ടിക്കൊണ്ടുപോവുകയും നീന്തല്‍ക്കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. അജയ് തേജയ്ക്ക് നീന്തല്‍ അറിയില്ലെന്ന് മനസിലാക്കിയാണ് പ്രതികള്‍ ഇങ്ങനെ ചെയ്തത്. ഇതിനുപിന്നാലെ ഇരുവരും തിരികെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഏകദേശം ഒരുമണിക്കൂറിന് ശേഷമാണ് അജയ് തേജയെ കാണാനില്ലെന്ന് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവാവിനായി തിരച്ചില്‍ നടത്തിയപ്പോളാണ് നീന്തല്‍ക്കുളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രഞ്ജിത് റെഡ്ഡിക്കും സായ് കുമാറിനും അജയ് തേജയുമായി ജോലിസ്ഥലത്തുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. പാര്‍ട്ടിക്കിടെ അനധികൃതമായി മദ്യം വിളമ്പിയതിനാണ് ഐ.ടി. കമ്പനി മാനേജരായ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. എക്‌സൈസ് നിയമപ്രകാരം സ്വകാര്യസ്ഥലത്ത് ആറ് കുപ്പിയില്‍ കൂടുതല്‍ മദ്യം വിളമ്പാന്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, 25-ഓളം പേര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ മദ്യം വിളമ്പാന്‍ ഇവര്‍ അനുമതി തേടിയിരുന്നില്ല. നീന്തല്‍ക്കുളത്തിന് ചുറ്റും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയതിനാണ് ഫാംഹൗസ് ഉടമയായ വെങ്കിടേഷിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.