നഗ്നചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകൻ അറസ്റ്റിൽ
തൃശൂർ∙ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തെന്നാണ് പരാതി. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ശരത്.
പെൺകുട്ടി സുഹൃത്തിനോടാണ് പീഡനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിൽ പരാതി നൽകി. മൂന്നു വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങൾ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെൺകുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാൽ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയിരുന്നു.
പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങൾ നിയന്ത്രിച്ചിരുന്നത് ശരത്താണ്. പൊലീസ് പിടിയിലാകുന്നതിനു മുൻപ് ഫോണിൽനിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ ശരത് ഡിലീറ്റ് ചെയ്തു. തെളിവുകൾ ശേഖരിക്കാനായി ഫോണ്‍ പരിശോധനയ്ക്കായി അയച്ചു. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായി. എൻജിനീയറിങ് പഠനത്തിനായി പോയപ്പോൾ സുഹൃത്തിനോട് ഇക്കാര്യങ്ങൾ പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നൽകിയത്.