അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്നും മൂന്നു കോടി

അയ്യപ്പസംഗമത്തിന് ഒരു രൂപപോലും സർക്കാരോ ദേവസ്വം ബോർഡോ ചെലവഴിക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആഗോള അയപ്പ സംഗമത്തിന് മൂന്നു കോടി രൂപ ദേവസ്വം ബോർഡ് അനുവദിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം പതിനഞ്ചിന് ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽനിന്നാണ് മൂന്നുകോടി രൂപ അനുവദിച്ചത്.
എംഒയു പ്രകാരം ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ്. സംഗമത്തിന്റെ നടത്തിപ്പിന് കമ്പനിക്ക് ആകെ ചെലവായത് 8.2 കോടി രൂപയാണ്. ഇതിൽ ആദ്യഘട്ടമെന്നോണം അഡ്വാൻസായി മൂന്നുകോടി രൂപ ദേവസ്വം കമ്മിഷണറുടെ സർപ്ലസ് ഫണ്ടിൽനിന്ന് അനുവദിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിന്റെ അക്കൗണ്ട് നമ്പറടക്കം ഓർഡറിൽ കാണിക്കുന്നുണ്ട്.
ഭക്തർ കാണിക്കയിടുന്നതടക്കമുള്ള പണമാണ് സർപ്ലസ് ഫണ്ട്. ഇവ ഒരുതരത്തിലും ഇത്തരം ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ പാടുള്ളതല്ല. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ദേവസ്വം കമ്മിഷണറുടെ സർപ്ലസ് ഫണ്ട് അനുവദിക്കാൻ കഴിയുകയുള്ളൂ.