സ്വദേശ വിദേശ കായിക താരങ്ങൾ ഒരുമിക്കുന്ന ടാറ്റ- മുംബൈ മാരത്തൺ നാളെ
മുംബൈ :മഹാനഗരത്തിൽ നടക്കുന്ന ലോക ശ്രദ്ധനേടിയ വാർഷിക മാരത്തൺ കായിക സംഭവമായ ‘ടാറ്റ മുംബൈ മാരത്തൺ (TMM)’ അതിൻ്റെ 20-ാമത് എഡിഷൻ നാളെ ,ജനുവരി 19-ന് നടത്താൻ ഒരുങ്ങുകയാണ്.ലോകപ്രശസ്ത കായിക താരങ്ങൾ,സിനിമാതാരങ്ങൾ തുടങ്ങി സമസ്‌ത മേഖലകളിലുമുള്ള കായിക പ്രേമികളുംപതിവുപോലെ മരത്തോണിൽ പങ്കെടുക്കും.
പ്രോകാം ഇൻ്റർനാഷണൽ സംഘടിപ്പിച്ച ഈ ഇവൻ്റ്, ലോകമെമ്പാടുമുള്ള ഓട്ടക്കാരെ ആകർഷിക്കുന്ന വേൾഡ് അത്‌ലറ്റിക്സ് ഗോൾഡ് ലേബൽ റോഡ് റേസാണ്. ഐതിഹാസികമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ നഗര, കടൽത്തീര ഭൂപ്രകൃതി ഉൾപ്പെടെ മുംബൈയിലെ ഏറ്റവും പ്രശസ്തമായ ചില ആകർഷണ കേന്ദ്രങ്ങളിലൂടെ ഓട്ടക്കാരെ കൊണ്ടുപോകുന്നു.
ഫുൾ മാരത്തോൺ , ഹാഫ് മാരത്തൺ, പോലീസ് കപ്പ്, ഓപ്പൺ 10 കെ, പുരുഷന്മാർക്കും വനിതകൾക്കുമുള്ള എലൈറ്റ് റേസ്, ചാമ്പ്യൻസ് വിത്ത് ഡിസെബിലിറ്റി, സീനിയർ സിറ്റിസൺസ് റൺ, ഡ്രീം റൺ എന്നിങ്ങനെ വൈവിധ്യമാർന്ന തരത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചിട്ടുള്ളത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രശസ്‌ത മാരത്തോൺ ഓട്ടക്കാർ ഉൾപ്പടെ 12,000-ലധികം അമേച്വർ ഓട്ടക്കാർ മുഴുവൻ മാരത്തണിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, 15,000-ത്തിലധികം പേർ ഹാഫ് മാരത്തണിൽ പങ്കെടുക്കുന്നു.
ഓപ്പൺ 10K യിൽ 8,500-ലധികം ഓട്ടക്കാർ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഡ്രീം റണ്ണിൽ 25,000-ൽ അധികം പേർ ഉണ്ടാകും, സീനിയർ സിറ്റിസൺസ് റണ്ണിൽ 1,894 പേർ പങ്കെടുക്കും, ചാമ്പ്യൻസ് വിത്ത് ഡിസെബിലിറ്റി (ഒരു കൂട്ടാളിയുമായി) ഏകദേശം 1,100 റേസർമാർ ഉണ്ടാകും.
റൂട്ടിൽ 15 മെഡിക്കൽ ഔട്ട്‌പോസ്റ്റുകളും മൂന്ന് മെഡിക്കൽ ബേസ് ക്യാമ്പുകളും ഉണ്ടായിരിക്കുമ്പോൾ, വഴിയരികിൽ വേദികളിൽ ആറ് മിനി മെഡിക്കൽ ക്യാമ്പുകളും ഉണ്ടാകും.വെസ്റ്റേൺ, സെൻട്രൽ റെയിൽവേ സബർബൻ റൂട്ടിൽ 7,000-ലധികം വോളണ്ടിയർമാരുള്ള പ്രത്യേക ട്രെയിനുകൾക്ക് അംഗീകാരം നൽകിയത് ശ്രദ്ധേയമാണ്.
ട്രാഫിക് പോലീസ് ഓട്ടക്കാരുടെ സൗകര്യങ്ങൾ കണക്കാക്കി ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .