താനൂർ ബോട്ടപകടത്തിന് ഒരുവർഷം: നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങള്‍
ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായി മാറിയിട്ട് മെയ് ഏഴിന് ഒരുവർഷം തികയുകയാണ്. 22 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത ദുരന്തം താനൂർ ജനതയുടെ നെഞ്ചിൽ തീരാനോവായി അവശേഷിക്കുകയാണ്. മരിച്ചവരുടെയും പരിക്കേറ്റ ആളുകളുടെയും കുടുംബങ്ങൾക്ക് അർഹമായ സർക്കാർ സഹായങ്ങൾ ഇതുവരെയും കിട്ടിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്.
യാതൊരു സുരക്ഷാസംവിധാനവും കൂടാതെ മത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി മാറ്റി ആളുകളെ കുത്തികയറ്റി നടത്തിയ യാത്രയിലായിരുന്നു അപകടം. സ്രാങ്കിന് ലൈസൻസും ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നൽകാതെ, സമയക്രമം പാലിക്കാതെ, രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സാധ്യമല്ലാത്ത മേഖലയിലൂടെ ഇരുട്ടിലൂടെ നടത്തിയ യാത്രയാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.
മരിച്ച 22 ആളുകളിൽ 15 പേർ കുട്ടികളായിരുന്നു. പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കുന്നുമ്മൽ കുടുംബത്തിൽനിന്ന് 12 പേരുടെ ജീവനാണ് നഷ്ടമായത്. ഓലപ്പീടികയിൽ കാട്ടിലപിടിയേക്കൽ സിദ്ദീഖും മക്കളായ ഫൈസാനും ഫാത്തിമ മിൻഹയും അപകടത്തിൽ മരണപ്പെട്ടു. ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബറുദ്ദീൻ എന്ന പോലീസുകാരനും ജീവൻ നഷ്ടമായി.