തമിഴ്‌നാട്-ശ്രീലങ്ക കപ്പൽ സർവീസ് ഉടൻ പുനരാരംഭിക്കും
മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പല്‍ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടന്‍ അറിയിക്കുമെന്നും സര്‍വീസ് ഏറ്റെടുത്ത ഇന്‍ഡ്ശ്രീ ഫെറി സര്‍വീസസ് അറിയിച്ചു.
നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവര്‍ഷം തുടങ്ങിയ ശ്രീലങ്കന്‍ കപ്പല്‍ സര്‍വീസ് ഒക്ടോബര്‍ അവസാനം നിര്‍ത്തിവെച്ചതാണ്. ഈ വര്‍ഷം ജനുവരിയില്‍ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു. സര്‍വീസ് നടത്താനുള്ള ശിവഗംഗ എന്ന കപ്പല്‍ നാഗപട്ടണത്ത് എത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തിനുശേഷം, ഒരാഴ്ചയ്ക്കകം സമയക്രമം പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14-നാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സര്‍വീസിന്റെ ചുമതല. ലക്ഷദ്വീപില്‍ സര്‍വീസ് നടത്തിയിരുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. കെ.പി.വി.എസ്. പിന്മാറിയതിനു ശേഷമാണ് ഇന്‍ഡ്ശ്രീ രംഗത്തുവന്നത്. കപ്പല്‍ ലഭ്യമാകാന്‍ വൈകിയതുകാരണമാണ് സര്‍വീസ് പുനരാരംഭിക്കുന്നതു വൈകിയത്.
ഇന്ത്യയില്‍ വേരുകളുള്ള ശ്രീലങ്കന്‍ തമിഴരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് തമിഴ്നാട്ടില്‍നിന്നുള്ള കപ്പല്‍ സര്‍വീസ്. ശ്രീലങ്കയെ കടല്‍മാര്‍ഗം തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതിന് നേരത്തേ, തൂത്തുക്കുടി-കൊളംബോ, ധനുഷ്‌കോടി-തലൈമാന്നാര്‍ കപ്പല്‍ സര്‍വീസുകളുണ്ടായിരുന്നു. എല്‍.ടി.ടി.ഇ.യുടെ നേതൃത്വത്തില്‍ തമിഴ്ദേശീയത തലപൊക്കുകയും ശ്രീലങ്ക ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയുംചെയ്ത 1980-കളിലാണ് ഇരുരാജ്യവും തമ്മില്‍ കടല്‍വഴിയുള്ള ഗതാഗതം പൂര്‍ണമായി നിന്നുപോയത്.
2009-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം വീണ്ടും ഉയരാന്‍ തുടങ്ങിയെങ്കിലും അതു യാഥാര്‍ഥ്യമാവാന്‍ വൈകി. ഒക്ടോബറില്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ നികുതിയടക്കം 7670 രൂപയായിരുന്നു ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക്. പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.