യുവജനങ്ങളുടെ കഴിവ് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റും
ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം ചിലർക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാമെന്നും എന്നാലത് അസാധ്യമല്ലെന്നും മോദി പറഞ്ഞു. വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി.
‘വികസിത് ഭാരത്’ എന്ന ആശയം അതിന്‍റെ ഓരോ ചുവടുവയ്പ്പിനെയും നയങ്ങളെയും തീരുമാനങ്ങളെയും നയിച്ചാൽ ഇന്ത്യ വികസിത രാജ്യമാകുന്നതിൽ നിന്ന് തടയാൻ ഒരു ശക്തിക്കും കഴിയില്ല. ഒരു രാജ്യം മുന്നോട്ട് പോകുന്നതിന് വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. ഇന്നത്തെ ഇന്ത്യ ചെയ്യുന്നത് ഇതാണ് എന്നും മോദി പറഞ്ഞു.വ്യത്യസ്‌ത മേഖലകളിൽ രാജ്യം നിരവധി ലക്ഷ്യങ്ങൾ മുൻകൂട്ടി നേടിയെടുക്കുന്നുണ്ട്. 2030-ഓടെ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ മിശ്രിതം രാജ്യത്ത് വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനുമുമ്പ് തന്നെ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് മാത്രം രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നും രാജ്യമെമ്പാടുമുള്ള യുവാക്കളുടെ കരുത്തിലാണ് അത് മുന്നോട്ട് പോകേണ്ടതെന്നും മോദി പറഞ്ഞു. യുവാക്കളുടെ ആശയങ്ങൾ രാജ്യത്തിന്‍റെ നയങ്ങളുടെ ഭാഗമാകുകയും അതിന് ദിശാബോധം നൽകുകയും ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
1930 കളിലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അമേരിക്കയുടെ ഉയർച്ചയും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പിന്നോക്ക മേഖലയിൽ നിന്ന് ഒരു പ്രധാന സാമ്പത്തിക ശക്തിയായി സിംഗപ്പൂർ ഉയർന്നു വന്നതും പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചു.
പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താത്ത ഒരു രാജ്യമായി ഇന്ത്യയെ മാറ്റിയതും കൊവിഡ് വാക്‌സിനുകൾ നിർമ്മിച്ചതും വൈറസിനെതിരെ ജനങ്ങൾക്ക് കുത്തിവയ്‌പ് നൽകിയതും മോദി ചൂണ്ടിക്കാട്ടി. 2047 വരെയുള്ള 25 വർഷങ്ങൾ ഇന്ത്യയുടെ സുവർണ കാലഘട്ടമാണെന്നും മോദി പറഞ്ഞു.
അടുത്ത ദശകത്തിൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പൂർണ സമർപ്പണത്തോടെ രാജ്യം അതിനായി പ്രവർത്തിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ബജറ്റ് 10 വർഷത്തിനുള്ളിൽ ആറ് മടങ്ങ് വളർന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് ഇന്ത്യ. അടുത്ത ദശകത്തോടെ ഇത് 10 ട്രില്യൺ യുഎസ് ഡോളർ കടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ യുവജനോത്സവമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് പരിപാടി നടന്നത്.