ശ്രീലങ്കൻ ടഗ്ഗ് വിഴിഞ്ഞത്തെത്തി
വിഴിഞ്ഞം : അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10 ഡ്രെഡ്ജറിനെ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുന്നതിനായി ടഗ്ഗ് വിഴിഞ്ഞത്തെത്തി. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ്ഗ് മഹാവേവയാണ് വിഴിഞ്ഞത്തെ പഴയ വാർഫിൽ ഇന്നലെ ഉച്ചയോടെ എത്തിയത്. ഡ്രെഡ്ജറിനെ ടഗ്ഗുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഇന്ന് ശ്രീലങ്കയിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ശ്രീലങ്കൻ തുറമുഖത്തെ അദാനി കമ്പനിയുടെ പദ്ധതികൾക്കായാണ് ഡ്രെഡ്ജർ കൊണ്ടുപോകുന്നത്. വിഴിഞ്ഞത്ത് തുടരുന്ന ജലാശ്വ എന്ന മറ്റൊരു ടഗ്ഗിനെ കൊണ്ടുപോകുന്നതിനായി മഹാവേവ വീണ്ടുമെത്തും.
പോർട്ട് ഓഫീസർ ക്യാപ്ടൻ അശ്വനിപ്രതാപ്,വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ,അസി.പോർട്ട് കൺസർവേറ്റർ അജീഷ് മണി എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തലസ്ഥാനം കേന്ദ്രമാക്കിയുള്ള വാട്ടർലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയാണ് ടഗ്ഗ് എത്തിയത്.