T20 ലോകകപ്പ് ഇന്ത്യക്ക്
ബാര്‍ബഡോസ്: ഈ രാത്രി ഇന്ത്യ ഉറങ്ങില്ല. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല. സിരകളില്‍ ആവേശം പടര്‍ന്നുകയറിയ വിസ്മയ രാവ്. ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാര്‍ബഡോസില്‍ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹിത്തും കോലിയും കിരീടത്തിളക്കത്തില്‍ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകന്‍മാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശര്‍മ എന്ന പേരും ആലേഖനം ചെയ്യപ്പെടുന്നു.
പ്രോട്ടീസ് വീണ്ടും നെഞ്ചുകീറി കരഞ്ഞു. ആദ്യ ലോകകപ്പ് ഫൈനലില്‍ കിരീടം മോഹിച്ചെത്തിയ എയ്ഡന്‍മാര്‍ക്രത്തിനും സംഘവും കണ്ണീരോടെ മടക്കം.ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.