അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് ടി.എസ്. ശ്യാംകുമാറും ധന്യരാമനും.

0
adoor 1

തിരുവനന്തപുരം :അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് സാമൂഹ്യപ്രവർത്തകരായ ടി.എസ്. ശ്യാംകുമാറും ധന്യരാമനും. ഇരുവരും തങ്ങൾ പരിപാടി ബഹിഷ്കരിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 15, 16, 17 തീയതികളിലായി അടൂർ എസ്‌എൻടിപി ഹാളിൽ നടക്കുന്ന അടൂർ സാഹിത്യോത്സവമാണ് ഇരുവരും ബഹിഷ്കരിച്ചത്.തൻ്റെ ജനതയെയും തൊഴിലാളികളെയും ജാതി അധിക്ഷേപം നടത്തിയ അടൂർ ഗോപാലകൃഷ്ണനാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത്. അതിനാൽ പരിപാടി ബഹിഷ്കരിക്കുന്നുവെന്ന് ശ്യാംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. അടൂർ സാഹിത്യോത്സവത്തിൽ കറുപ്പിന്റെ രാഷ്ട്രീയം എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ശ്യാം കുമാർ പിന്മാറിയത്.

സിനിമാ കോൺക്ലേവ് സമാപന ചടങ്ങിലെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും സാഹിത്യോത്സവം ബഹിഷ്കരിച്ചത്. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് സിനിമ നിർമിക്കാൻ സർക്കാർ പണം നൽകുന്നതിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. നൽകുന്ന ഒന്നരക്കോടി മൂന്നായി വിഭജിക്കണമെന്നും സംവിധായകർക്ക് മൂന്നുമാസത്തെ പരിശീലനം നൽകണമെന്നുമാണ് സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ പറഞ്ഞത്.പരാമർശം നടത്തിയപ്പോൾ തന്നെ സദസിലിരുന്ന ഗായിക പുഷ്പവതി പ്രതിഷേധ സ്വരമുയർത്തി. ദളിത് സമൂഹത്തെ മുഖ്യധാരാ സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പണം നൽകുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാനും വിശദീകരിച്ചിരുന്നു. അടൂരിനെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയില്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *