ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രജ്ഞ സിങ്ങിനെ ഉത്തം കുമാർ സന്ദർശിച്ചു.
ന്യുഡൽഹി: തലച്ചോറിലെ രക്തസ്രാവവും നീർവീക്കവും മൂലം നോയിഡയിലെ കൈലാസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാധ്വി പ്രജ്ഞ സിങ്ങിനെ മഹാരാഷ്ട്ര ബി ജെ പി മലയാളി സെൽ അധ്യക്ഷനും വസായ് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനുമായ കെ ബി ഉത്തംകുമാർ സന്ദർശിച്ചു.
ഒമ്പത് വർഷം ജയിലിൽ കിടന്ന പ്രജ്ഞസിങ്ങിന് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ജാമ്യം നൽകേണ്ടിവന്നത്. മലേഗാവ് സ്ഫോടന കേസിൽ ജയിലിൽ കഴിയവേ പ്രജ്ഞ സിങ്ങ് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാൽ മണ്ഡലത്തിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ദ്വിഗ് വിജയ് സിങ്ങിനെതിരെ മത്സരിച്ചിരുന്നു . മൂന്നു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് പ്രജ്ഞ സിങ്ങ് വിജയിച്ചത് . അന്ന് പ്രജ്ഞ സിങ്ങിൻ്റെ വിജയത്തിനായി ബി ജെ പി നേതാവ് പി കെ കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര ബി ജെ പി മലയാളി സെൽ അധ്യക്ഷൻ കെ ബി ഉത്തംകുമാർ ഉൾപ്പെടെയുള്ളവർ ചേർന്ന് ഭോപ്പാലിലെ മലയാളികളെ സംഘടിപ്പിച്ച് അവർക്കായി പ്രവർത്തിച്ചിരുന്നു.
ഹിന്ദു നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സന്യാസിനിക്ക് വസായിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന ഹിന്ദുമത സമ്മേളനത്തിൽ ഗംഭീര സ്വീകരണം നൽകിയിരുന്നു എന്നും ഹിന്ദു സമാജത്തിനു വേണ്ടി നിലകൊണ്ട സന്യാസിനി ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ പിന്തുണ നൽകേണ്ട സമയമാണിതെന്നും നോയിഡയിലെ ആശുപത്രിയിൽ പ്രജ്ഞസിങ്ങിനെ സന്ദർശിച്ച ഉത്തംകുമാർ പറഞ്ഞു .
2008ൽ 10 പേർ കൊല്ലപ്പെടുകയും 82 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേഗാവ് സ്ഫോടനത്തിലെ പ്രതി പട്ടികയിൽ പ്രജ്ഞ സിങ്ങ് താക്കൂറുണ്ട് .ഇവരുടെ ബൈക്ക് ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റിലായത് . നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിന് കീഴിലുള്ള ഒന്നിലധികം ആരോപണങ്ങൾക്ക് പ്രജ്ഞ സിങ്ങ് നിലവിൽ വിചാരണ നേരിടുന്നുണ്ട്.