ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ പ്രതിക്ക് ജയിൽ മോചനം

0

ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചാരകനും കുഷ്ഠരോഗ വിദഗ്ധനുമായ ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമാണ്് ജയില്‍മോചിതനായത്. പ്രതിയുടെ നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ ഇളവെന്നാണ് ഒഡീഷ സര്‍ക്കാര്‍ പറയുന്നത്. ബുധനാഴ്ച ഇയാള്‍ ജയില്‍മോചിതനായി. മതപരിവര്‍ത്തനത്തേയും ഗോവധത്തേയും എതിര്‍ത്തതിന് തന്നെ കൊലക്കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നാണ് ജയില്‍മോചിതനായ ശേഷം ഇയാള്‍ പ്രതികരിച്ചത്.

ഹെംബ്രാമിന്റെ ജയില്‍മോചനത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. തങ്ങള്‍ക്ക് ഇത് നല്ല ദിവസമെന്നായിരുന്നു ഹെംബ്രാമിന്റെമോചനം ചൂണ്ടിക്കാട്ടി വിഎച്ച്പി ജോയിന്റ് സെക്രട്ടറി കേദാര്‍ ദാഷ് പ്രതികരിച്ചത്. ഹെംബ്രാമിനെ വെറുതെവിട്ടത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മേലുള്ള കറുത്ത പാടാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കാം ടാഗോര്‍ പറഞ്ഞു. ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് മക്കളേയും ജീവനോടെ ചുട്ടുകൊന്ന ആള്‍ ഇന്ന് സ്വതന്ത്രമായി നടക്കുന്നു. സംഘികള്‍ക്ക് ഇത് ആഘോഷമാണ്. ഇതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മാണിക്കം ടാഗോര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഹെംബ്രാം ശിക്ഷായിളവും ജയില്‍മോചനവും തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒഡീഷ സര്‍ക്കര്‍ ഹെംബ്രാമിന്റേത് നല്ല നടപ്പാണെന്ന് ചൂണ്ടിക്കാട്ടി ജയില്‍മോചിതനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ക്ക് പുറമേ മുപ്പത് കുറ്റവാളികള്‍ക്കും സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയിട്ടുണ്ട്.

1999 ജനുവരി 22നാണ് ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ബജ്‌റംഗദള്‍ പ്രവര്‍ത്തകനും ഉത്തര്‍പ്രദേശ് സ്വദേശിയുമായ ധാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വതീവ്രവാദികള്‍ ചുട്ടുകൊന്നത്. മനോഹര്‍പൂരിലെ ജംഗിള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവര്‍ക്കൊപ്പം ഗ്രഹാം എത്തിയപ്പോഴായിരുന്നു സംഭവം. ക്യാമ്പില്‍ പങ്കെടുത്ത് മക്കള്‍ക്കൊപ്പം വാനില്‍ ഉറങ്ങവെ ധാരാ സിങ്ങും സംഘവും ചേര്‍ന്ന് തീയിടുകയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സും മക്കളും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തില്‍ 51 പേര്‍ അറസ്റ്റിലായി. ഇതില്‍ 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി. കേസിലെ പ്രധാന പ്രതിയായ ധാരാ സിങ്ങിന് വധശിക്ഷയും ഹെംബ്രാം ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും സിബിഐ കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതിയും വിചാരണ ചെയ്തു. 2005 ല്‍ ധാരാ സിങ്ങിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. അടുത്തിടെ ജയില്‍മോചതനം തേടി ധാരാ സിങ് സുപ്രീംകോടതിയെ സമീപിച്ചു. ചെയ്ത തെറ്റ് അംഗീകരിക്കുന്നുവെന്നും അതില്‍ ദുഃഖമുണ്ടെന്നുമാണ് ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞത്. ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ഇയാള്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *