സൂസി വൈൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്; പ്രഖ്യാപനവുമായി ട്രംപ്: ഈ പദവിയിലെത്തുന്ന ആദ്യ വനിത

0

 

വാഷിങ്ടൻ∙  നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്. ‘‘സൂസി മിടുക്കിയാണ്. മാത്രമല്ല അവർ സാർവത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരും.

യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസിയെ നിയമിച്ചത് സ്ത്രീകൾക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണ്’’ – ട്രംപ് പറഞ്ഞു. ജനുവരി 20 ന് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തുന്നതോടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുന്നമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂസിയുടെ നിയമനം ഇതിന്റെ തുടക്കമായാണ് സൂചിപ്പിക്കുന്നത്. ട്രംപിന്റെ വിശ്വസ്ത എന്ന നിലയിൽ സൂസി വൈൽസ് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ റോൾ. പ്രസിഡന്റിനെ അജണ്ട നടപ്പിലാക്കുന്നതിൽ ചീഫ് ഓഫ് സ്റ്റാഫ് സഹായിക്കുന്നു. രാഷ്ട്രീയ നയ താൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. പ്രസിഡന്റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *