ആഡംബര കാർ നികുതി വെട്ടിപ്പു കേസ്; ‘വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണ്ട’, സുരേഷ് ഗോപിക്ക് ആശ്വാസം
കൊച്ചി : പുതുച്ചേരി ആഡംബര കാർ നികുതി വെട്ടിപ്പു കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഹൈക്കോടതി സുരേഷ് ഗോപിയെ ഒഴിവാക്കി. കേസിൽ വിടുതൽ ഹർജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ, സുരേഷ് ഗോപി സമർപ്പിച്ച റിവിഷൻ പെറ്റീഷനിലാണ് ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഉത്തരവ്.
2010 ജനുവരിയിൽ എറണാകുളത്ത് നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകൾ വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു എന്ന കേസുമായി ബന്ധപ്പെട്ടാണു ഹൈക്കോടതിയിലെ കേസ്. പുതുച്ചേരിയിൽ ഇല്ലാത്ത വിലാസത്തിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണമായ 18 ലക്ഷം രൂപ വെട്ടിച്ചെന്നാണു കേസ്.
നേരത്തെ ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി സുരേഷ് ഗോപിയോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതിനൊപ്പം, എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, ഏപ്രിലിൽ വിടുതൽ ഹർജി തള്ളുകയും ചെയ്തിരുന്നു
.