സുരേഷ് ഗോപിക്കെതിരെ കെ സുധാകരൻ

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന്‍ സുരേഷ് ഗോപിയെ കടന്നാക്രമിച്ചു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.