സൂരജ് വധക്കേസ് : സിപിഎം കാരായ 8 പ്രതികൾക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ സിപിഎം കാരായ 8 പ്രതികൾക്ക് ജീവപര്യന്തം തടവിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ച്. കേസിലെ 12 പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. പ്രതികളിൽ രണ്ടുപേർ വിചാരണവേളയിൽ മരണപ്പെട്ടവരാണ്.
ടി പി കേസ് പ്രതി ടി കെ.രജീഷും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ഉൾപ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നത് .
കേസിലെ രണ്ടാം പ്രതി പത്തായക്കുന്ന് സ്വദേശിയായ ടി കെ രജീഷ് (55), കൊളശ്ശേരി കാവുംഭാഗം കോമത്തുപാറ പുതിയേടത്ത് എന്‍ വി യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഷംജിത്ത് എന്ന ജിത്തു (48), കൂത്തുപറമ്പ് നരവൂര്‍ പഴയ റോഡില്‍ പുത്തലത്ത് മമ്മാലി വീട്ടില്‍ പി എം മനോരാജ് എന്ന നാരായണന്‍കുട്ടി (53), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (57), മുഴപ്പിലങ്ങാട് പന്നിക്കാന്റവിട പ്രഭാകരന്‍ മാസ്റ്റര്‍ (60), മുഴുപ്പിലങ്ങാട് ബീച്ച് റോഡില്‍ പുതുശ്ശേരി വീട്ടില്‍ പി വി പത്മനാഭന്‍ എന്ന ചോയി പപ്പന്‍ (68), മുഴപ്പിലങ്ങാട് കരിയില വളപ്പില്‍ മന്ദമ്പേത്ത് രാധാകൃഷ്ണന്‍ എന്ന ബാങ്ക് രാധാകൃഷ്ണന്‍ (61), സോപാനത്തില്‍ പുതിയപുരയില്‍ പ്രദീപന്‍ (59)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 147, 148, 302,120 (ബി) വകുപ്പു പ്രകാരം ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധി.
എടക്കാട് കണ്ടത്തില്‍ മൂല നാഗത്താന്‍ കോട്ട പ്രകാശനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപനെയാണ് കൊലപാതക കേസിലെ പ്രതികളെന്ന് അറിഞ്ഞിട്ടും സംരക്ഷിച്ചതിന് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും പത്താം പ്രതി നാഗത്താന്‍കോട്ടയില്‍ പ്രകാശനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പ്രേമരാജന്‍ മാധ്യമങ്ങളോട് അറിയിച്ചു.
രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇതില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ മൂന്ന് നേതാക്കള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയില്‍ പള്ളിക്കല്‍ ഹൗസില്‍ പി കെ ഷംസുദ്ദീന്‍ (57), മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ നടക്കേത്തറയില്‍ മക്രേരി മുണ്ടല്ലൂര്‍ കിലാലൂര്‍ തെക്കുമ്പാടംപൊയില്‍ ടി പി രവീന്ദ്രന്‍ (73) എന്നിവരാണ് വിചാരണക്കിടെ മരിച്ചത്.
കൊലപാതകം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട് എളമ്പിലായി ചന്ദ്രന്റെ മകന്‍ സൂരജിനെ രാഷ്ട്രീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി 2005 ഓഗസ്റ്റ് അഞ്ചിന് സിപിഎം നേതാക്കന്മാരായ പ്രഭാകരന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍, മന്ദംമ്പേത്ത് രാധാകൃഷ്ണന്‍ തെക്കുമ്പാടന്‍ പൊയില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലുള്ള ലോട്ടറി സ്റ്റാളിനടുത്തുവെച്ചും കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനകത്തു വച്ചും ഗൂഢാലോചന നടത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. സൂരജിനെ കൊല ചെയ്യാന്‍ പി കെ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. കുറ്റകൃത്യം ഏറ്റെടുത്ത ഷംസുദ്ദീന്‍ എന്‍ വി യോഗേഷിനെയും ഷംജിത്തിനെയും പി എം മനോരാജിനെയും ഏര്‍പ്പാടാക്കി. ആയുധങ്ങളുമായി പ്രതികളെ കണ്ട് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സൂരജ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള മൈല്‍ക്കുറ്റിയില്‍ തട്ടി വീണു. ഇതിന് പിന്നാലെ പ്രതികള്‍ ചേര്‍ന്ന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
2012 ല്‍ ടി കെ രജീഷിനെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത സമയത്താണ് സൂരജ് വധക്കേസില്‍ താനും നാരായണ്‍ എന്ന മനോരാജും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കുറ്റസമ്മത മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ ദാമോദരന്‍, ടി കെ രത്‌നകുമാര്‍ എന്നിവര്‍ കേസ് പുനരന്വേഷിക്കുകയും ഇവരെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതി പി എം മനോരാജ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനാണ്. ടി പി ചന്ദ്രശേഖരന്‍ കേസ് ജയിലില്‍ കിടക്കുന്ന ടി കെ രജീഷ്, പാനൂര്‍ വിനയന്‍ വധ കേസിലെ പ്രതിയും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെയും പിണറായിയിലെ പ്രേംജിത്തിനെയും വധിക്കാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ്.
കേസ്സില്‍ 42 സാക്ഷികളില്‍ 28 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ ദാമോദരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ടി കെ രത്‌നകുമാര്‍ തുടരന്വേഷണം നടത്തി രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തു. കോടതി വിധിയറിയാന്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും കോടതിയിലെത്തിയിരുന്നു.