നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും നടന്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നടപടി. തമ്മനം-കാരണക്കോടം റോഡില്‍ ജൂലൈ 29ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറിയത്.