സുപ്രിയയ്ക്ക് ഇഷ്ടം ദേശീയ രാഷ്ട്രീയം: ഉദ്ധവ് മികച്ച മുഖ്യമന്ത്രി, കോവിഡിൽ സംസ്ഥാനത്തെ നന്നായി നയിച്ചു
മുംബൈ ∙ മകൾ സുപ്രിയ സുളെയ്ക്ക് ദേശീയ രാഷ്ട്രീയത്തിലാണു താൽപര്യമെന്നും രാജ്യത്തെ മികച്ച പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് അവരെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബിബിസി നടത്തിയ അഭിമുഖത്തിൽ, സുപ്രിയയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹമില്ലേയെന്ന ചോദ്യത്തിനാണ് പവാർ മറുപടി നൽകിയത്.
‘ലോക്സഭയിൽ പ്രവർത്തിക്കാനാണ് സുപ്രിയയ്ക്ക് ആഗ്രഹമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 95% ഹാജരുള്ള, സംവാദങ്ങളിൽ വളരെ സജീവമായി പങ്കെടുക്കുന്ന അംഗമാണ്. സഭാസമ്മേളന കാലയളവിൽ രാവിലെ 11ന് ലോക്സഭയിലെത്താറുള്ള സുപ്രിയ, സഭാനടപടികൾ പൂർത്തിയായ ശേഷം മാത്രമാണ് മടങ്ങാറുള്ളത്. മികച്ച പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് സുപ്രിയ’– പവാർ പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചയാളാണ് ഉദ്ധവ് താക്കറെയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കോവിഡ് പ്രതിസന്ധിയെ മഹാരാഷ്ട്ര മറികടന്നതെന്നും പവാർ പറഞ്ഞു. ‘വലിയ വെല്ലുവിളികളുടെ കാലത്താണ് ആളുകളുടെ നേതൃഗുണം മനസ്സിലാക്കാനാകുക. കോവിഡ് കാലത്ത് പ്രഫഷനലായി സംസ്ഥാനത്തെ നയിച്ചയാളാണ് ഉദ്ധവ്. രാഷ്ട്രീയം കളിച്ചിട്ടില്ല. കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കു സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനു മാത്രമാണ് അദ്ദേഹം മുൻഗണന നൽകിയത്’– എൻസിപി അധ്യക്ഷൻ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ആരായിരിക്കും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിന്, എൻഡിഎ സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം, അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്നതടക്കമുള്ള പദ്ധതികളിലൂടെ ജനങ്ങളിലേക്കെത്താൻ ഷിൻഡെ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും വോട്ടിനു വേണ്ടിയുള്ള നാടകമാണതെന്ന് ജനങ്ങൾക്ക് അറിയാമെന്നും പവാർ കൂട്ടിച്ചേർത്തു.