സുപ്രീം കോടതി: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് കുറ്റകരമാണ്, പോക്സോ നിയമം ബാധകമാണ്
ന്യൂഡൽഹി∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പോക്സോ ബാധമാണെന്ന് വ്യക്തമാക്കിയ കോടതി, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി. അശ്ലീല ചിത്രം എന്ന പ്രയോഗത്തിനു പകരം കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന വസ്തുക്കൾ എന്ന് മാറ്റാനും നിർദേശമുണ്ട്. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി തീർപ്പാക്കിയാണ് സുപ്രീംകോടതി സുപ്രധാന നിർദേശങ്ങൾ നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെയും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെയും ബഞ്ചാണ് ഹർജി പരിഗണിച്ചത്.
കുട്ടികളുടെ അശ്ലീല വിഡിയോ ഡൗണ്‍ലോഡ് ചെയ്തു കാണുന്നത് പോക്സോ, ഐടി നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. വിഡിയോ പ്രചരിപ്പിച്ചാൽ മാത്രമേ കുറ്റമാകൂ എന്നും ജനുവരിയിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒയാണ് കോടതിയെ സമീപിച്ചത്. നാഴികക്കല്ലാകുന്ന വിധിയാണിതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മദ്രാസ് ഹൈക്കോടതി വിധി ഗുരതരമായ പിശകാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ പോൺ എന്ന പദത്തിനു പകരം കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന വസ്തുക്കൾ എന്ന പ്രയോഗം കൊണ്ടുവരണമെന്നും ഇതിനായി ഓർഡിനൻസ് വേണമെന്നും കോടതി നിർദേശിച്ചു.
കുട്ടികളുടെ അശ്ലീല വിഡിയോ ഫോണിൽ സൂക്ഷിക്കുന്നത് പോക്സോ നിയമത്തിലെ 15–ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഫോണിൽ കുട്ടികളുടെ അശ്ലീല വിഡിയോകൾ കണ്ട 28കാരന്റെ ഹർജി തീർപ്പാക്കി കൊണ്ടാണ്, വിഡിയോകൾ കാണുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് കോടതി വിധിച്ചത്. ഐടി ആക്ട് പ്രകാരം കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രസിദ്ധീകരിക്കുന്നതും, കൈമാറുന്നതും, നിർമിക്കുന്നതുമാണ് കുറ്റകരമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികൾ അശ്ലീല വിഡിയോകൾ കാണുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും അവരെ ശിക്ഷിക്കുന്നതിനു പകരം നേരായ വഴിക്ക് നയിക്കാൻ സമൂഹം ശ്രദ്ധിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.