കര്‍ഷകസമരത്തെ തുടര്‍ന്ന് അടച്ച ശംഭു അതിര്‍ത്തി തുറന്നേക്കാൻ സുപ്രീംകോടതി

0

ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ തുടര്‍ന്ന് അടച്ച ശംഭു അതിര്‍ത്തി ഭാഗികമായി തുറന്നേക്കും. ഇക്കാര്യം ചര്‍ച്ചചെയ്യാനായി യോഗംചേരാന്‍ പഞ്ചാബ്, ഹരിയാണ പോലീസ് മേധാവിമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സമീപജില്ലകളായ പട്യാലയിലേയും അംബാലയിലേയും എസ്.പിമാരെയും ഉള്‍പ്പെടുത്തി ഒരാഴചയ്ക്കകം യോഗം ചേരണമെന്നാണ് നിര്‍ദേശം.

ദേശീയപാതകള്‍ പാര്‍ക്കിങ് സ്ഥലമല്ലെന്ന് പറഞ്ഞ സുപ്രീം കോടതി, സമരം ചെയ്യുന്ന കര്‍ഷകരോട് റോഡില്‍നിന്ന് ട്രാക്ടറുകള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെടണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചനടത്താനുള്ള സമിതിയിലേക്ക് രാഷ്ട്രീയക്കാര്‍ അല്ലാത്തവരുടെ പേരുകള്‍ നിര്‍ദേശിച്ചതിന് പഞ്ചാബ്, ഹരിയാണ സര്‍ക്കാരുകളെ കോടതി അഭിനന്ദിച്ചു.

ആംബുലന്‍സുകള്‍, അവശ്യ സേവനത്തിനായുള്ള വാഹനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍, പ്രാദേശിക യാത്രക്കാര്‍ എന്നിവരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ശംഭു അതിര്‍ത്തി തുറക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 13 മുതലാണ് ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില (എം.എസ്.പി) നിയമപരമായി ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. ശംഭു അതിര്‍ത്തി ഒരാഴ്ചയ്ക്കകം തുറക്കണമെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ വിധിക്കെതിരെ ഹരിയാണ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
Spread the love

Leave a Reply

Your email address will not be published. Required fields are marked *