മാറിടത്തില്‍ കടന്ന് പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി.ജഡ്‌ജിയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ വിവേകമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2025 മാര്‍ച്ച് പതിനേഴിലെ അലഹബാദ് ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ രാജ്യമെമ്പാടും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വീ ദ വിമെന്‍ ഓഫ് ഇന്ത്യ’ എന്ന സംഘടന കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്വമേധയാ ഇടപെട്ടതെന്നും കോടതി വ്യക്തമാക്കി.
ഇത്തരമൊരു വിധി പെട്ടെന്ന് ഉണ്ടായതല്ലെന്നും വിധി നാല് മാസത്തിന് ശേഷമാണ് വിധി പ്രസ്‌താവിച്ചതെന്നും ബെഞ്ച് പറഞ്ഞു.
കോടതി ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും എന്നാല്‍ വിധിയിലെ 21, 24, 26 ഖണ്ഡികകള്‍ സ്റഅറേ ചെയ്യുന്നുവെന്നും കോടതി വ്യക്തമാക്കി. ഇത് തികച്ചും മനുഷ്യത്വ രഹിതമായ സമീപനമാണ്.
പരമോന്നത കോടതി കേന്ദ്രത്തിന്‍റെയും ഉത്തര്‍പ്രദേശിന്‍റെയും വിശദീകരണം തേടിയിട്ടുണ്ട്. ഇതിനായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരുടെയും സഹായം കോടതി തേടിയിട്ടുണ്ട്.ബാലികയുടെ മാറിടത്തില്‍ കയറിപ്പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും പൊക്കിളിന് താഴേക്ക് തഴുകുന്നതും ബലാത്സംഗ ശ്രമമാണെന്ന് പറയാനാകില്ലെന്നും അത് കൊണ്ട് പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് ചിലപ്പോള്‍ ഒരു തയാറെടുക്കലായിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ കുറ്റകൃത്യവും ഇതുമായി വ്യത്യാസമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏകാംഗ ബെഞ്ചായ ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയാണ് വിവാദ നിരീക്ഷണങ്ങള്‍ നടത്തിയത്. രണ്ട് പ്രതികള്‍ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജികള്‍ ഭാഗികമായി അംഗീകരിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
ബലാത്സംഗ ശ്രമ കേസുകളില്‍ വിചാരണ നേരിടുന്ന പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്‍റെ വിചാരണ വേളയിലായിരുന്നു കോടതി പരാമര്‍ശങ്ങള്‍. തയാറെടുക്കലുകള്‍ക്ക് അപ്പുറത്തേക്ക് ഇത്തരം പ്രവൃത്തികള്‍ പോയിട്ടുണ്ടോയെന്ന് തെളിയിക്കാനും കോടതി പ്രൊസിക്യൂഷനോട് ആവശ്യപ്പെട്ടു.
കുട്ടിയുടെ മാറിടത്തില്‍ പ്രതികള്‍ കയറിപ്പിടിക്കുകയും കുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിക്കുകയും വയറിന് താഴേക്ക് തഴുകുകയും ചെയ്‌തെന്നായിരുന്നു പ്രൊസിക്യൂഷന്‍റെ വാദം. എന്നാല്‍ ദൃക്സാക്ഷികള്‍ ഇടപെട്ടതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.