എംഎൽഎമാരെ അയോഗ്യരാക്കാത്തതിനെതിരായ കോൺഗ്രസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക് കൂറുമാറിയ എട്ട് എം.എൽ.എമാർക്കെതിരായ കോൺഗ്രസിൻ്റെ അയോഗ്യത ഹരജി തള്ളിയ ഗോവ നിയമസഭാ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് കേസ് വന്നത്. കോൺഗ്രസ് നേതാവ് ഗിരീഷ് ചോദങ്കർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിനെ സമീപിക്കാൻ കോൺഗ്രസ് നേതാവിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
ബിജെപിയിലേക്ക് കൂറുമാറിയ എട്ട് എംഎൽഎമാർക്കെതിരെ കോൺഗ്രസ് സമർപ്പിച്ച അയോഗ്യതാ ഹർജി ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ തള്ളിയിരുന്നു. എം.എൽ.എമാരായ ദിഗംബർ കാമത്ത്, അലക്സോ സെക്വേര, സങ്കൽപ് അമോങ്കർ, മൈക്കൽ ലോബോ, ഡെലീല ലോബോ, കേദാർ നായിക്, റുഡോൾഫ് ഫെർണാണ്ടസ്, രാജേഷ് ഫല്ദേസായി എന്നിവർക്കെതിരെയാണ് ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ ചോദങ്കർ അയോഗ്യതാ ഹർജി നൽകിയത്.