കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയിൽ നൽകിയിരുന്നത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തേ രണ്ട് ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജാമ്യം തേടി കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ കേജ്‌രിവാളിനു സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം നേടിയാലേ കേജ്‌രിവാളിനു ജയിലിൽനിന്ന് ഇറങ്ങാനാകൂ.
മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടു കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കേജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇ.ഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കേജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനാണ് ജയിലിലേക്ക് മടങ്ങിയത്