വർദ്ദിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ദിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കണക്കുകള്‍ അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി. ഒരു കര്‍മ്മസേന രൂപീകരിച്ച് കുട്ടികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹറാം കണ്ടെത്തുകയും അതിലൂടെ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സമൂഹം ഇതിനുള്ള കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി . ഇനിയും ഉത്തരത്തില്‍ കുട്ടികളുടെ ജീവനുകള്‍ നഷ്‌ടമാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അതിലിടപെടാന്‍ നടത്താനും കുട്ടികള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ടാക്കാനും കഴിയുന്ന വിധത്തിലുള്ള ഒരു സംസ്‌കാരം ഉണ്ടാകണം. അവരെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനും കഴിയണം. അവരോട് യാതൊരു തരത്തിലുള്ള വിവേചനങ്ങളും പാടില്ല. കുട്ടികള്‍ക്ക് ഭയരഹിതമായി ഇടപെടാനുള്ള അവസരങ്ങളും ഉണ്ടാകണമെന്ന് 89 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജയില്‍ 2023ല്‍ ജീവനൊടുക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പരമോന്നത കോടതി ഡല്‍ഹി പൊലീസിനോട് നിര്‍ദ്ദേശിച്ചു. കേവലം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കൊണ്ട് ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം വ്യാപകമായി ചര്‍ച്ചയാകണമെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്ത് ഇത്തരത്തില്‍ നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്‌ടമാകുന്നുണ്ട്. ജീവിതത്തില്‍ വലിയ വിജയം നേടേണ്ട കഴിവുള്ള വിദ്യാര്‍ത്ഥികളെയാണ് രാജ്യത്തിന് നഷ്‌ടമാകുന്നത്. ഇത് വ്യവസ്ഥിതിയുടെ പരാജയം മാത്രമല്ല കാട്ടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കുട്ടികളോട് വിശ്വാസ്യതയും സഹാനുഭൂതിയുമില്ലെന്നതിന്‍റെ തെളിവ് കൂടിയാണിത്. വിവേചനം, അപമാനിക്കല്‍, മാനസികാരോഗ്യ വെല്ലുവിളികള്‍ തുടങ്ങിയവ ഫലപ്രദമായി നേരിടുന്നതില്‍ വൈജ്ഞാനിക പരിസ്ഥിതി പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ നിലവിലുള്ള നിയമ, സ്ഥാപന ചട്ടക്കൂടുകള്‍ പര്യാപ്‌തമല്ലെന്നതിന്‍റെ തെളിവാണ് കുട്ടികള്‍ ഇത്തരത്തില്‍ കടുംകൈകള്‍ക്ക് മുതിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തപരവും സമഗ്രവുമായ സംവിധാനം ഉണ്ടായാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ തടയാനാകൂ എന്നും കോടതി നിരീക്ഷിച്ചു.സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് ആര്‍ രവീന്ദ്ര ഭട്ട് അധ്യക്ഷനായ ഒരു കര്‍മ്മ സമിതി രൂപീകരിക്കുമെന്നും കോടതി അറിയിച്ചു. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി, ശാക്തീകരണം, നിയമകാര്യം, വനിത ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതിയില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരിക്കുമെന്നും കോടതി അറിയിച്ചു. സമിതി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നത് സംബന്ധിച്ച കാരണങ്ങള്‍ വിശദമായി വിശകലനം ചെയ്‌ത് ഒരു റിപ്പോര്‍ട്ട് തയറാക്കും. നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കേണ്ടതിനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കും. റിപ്പോര്‍ട്ട് തയാറാക്കാനായി സമിതിക്ക് മുന്നറിയിപ്പില്ലാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്താം. നിര്‍ദ്ദിഷ്‌ട വിഷയങ്ങളിലല്ലാതെയുള്ള ശുപാര്‍ശകളും സമിതിക്ക് അവശ്യമെങ്കില്‍ സമര്‍പ്പിക്കാം. സമിതി നാല് മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. അന്തിമ റിപ്പോര്‍ട്ട് എട്ട് മാസത്തിനകവും സമര്‍പ്പിക്കണം.
രണ്ട് വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിനോട് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.
2023 ജൂലൈ എട്ടിനാണ് ആയുഷ് അഷ്‌ന എന്ന വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ 2023 സെപ്റ്റംബര്‍ ഒന്നിനും ഡല്‍ഹി ഐഐടിയിലെ അയാളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇരു വിദ്യാര്‍ത്ഥികളും പട്ടിക ജാതി വിഭാഗക്കാരാണ്. ഇവരെ കൊന്നതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. തങ്ങള്‍ ജാതീയ വിവേചനം നേരിടുന്നുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു.
സര്‍വകലാശാലകള്‍ വീട് വിട്ട് പഠിക്കാനെത്തുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാവിനെ പോലെ പെരുമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ ക്ഷേമത്തിലും അധികൃതര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം.
2018ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 98 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ 2023ല്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 39 കുട്ടികള്‍ ഐഐടികളിലും 25 പേര്‍ എന്‍ഐടികളിലും 25 പേര്‍ കേന്ദ്രസര്‍വകലാശാലകളിലുമാണ് ജീവനൊടുക്കിയത്. ഐഐഎമ്മുകളില്‍ നിന്നുള്ള നാല് പേരും ഐഐഎസ്‌ഇ ആറുകളില്‍ നിന്നുള്ള മൂന്ന് പേരുംഐഐഐടികളില്‍ നിന്നുള്ള രണ്ട് പേരും ജീവനൊടുക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.