ബഹുസ്വരതയുടെ ആഘോഷമായി മാറിയ ‘സപ്ലൈആക്’-2024
ജാതി-മത-രാഷ്ട്രീയത്തിൻ്റെ പേരിൽ വിദ്വേഷത്തിൻ്റെ വിത്തുവിതച്ച് ജനമനസ്സുകളിൽ വൈര്യത്തിൻ്റെ വിളവ് കൊയ്യുന്ന ഈ ആസുരകാലത്ത് , ഊഷ്മള സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉത്തമ മാതൃകയാകുന്ന ഒരു സംഗമം ഈ മുംബൈ മഹാ നഗരത്തിൽ നടന്നു !
ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് യൗവനാരംഭത്തിൽ കൺട്രോൾ ഓഫ് അക്കൗണ്ട് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിച്ച് നഗരത്തിൻ്റെ നാനാഭാഗത്തായി അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമായൊക്കെ ജീവിക്കുന്നവർ വർഷങ്ങൾക്ക് ശേഷം ഒരു സ്ഥലത്ത് ഒത്തുചേർന്നപ്പോൾ വൈകാരികതയുടെ അനിർവചനീയ അനുഭൂതിയായി ആ സംഗമം മാറി .
മുൻ ജീവനക്കാരുടെ ഈ കൂട്ടായ്മ സംഘടിപ്പിക്കാൻ നേതൃത്തം നൽകിയത് മലയാളികളായ ടി.ആർ.ജനാർദ്ദനൻ, ടിവി രാജീവൻ ,എ വി സുനിൽകുമാർ ,സാലി ജാമ്മഎന്നിവരാണ്. കേന്ദ്ര സർക്കാരിൻറെ വിവിധ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ എത്തിച്ചു നൽകിയിരുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻഡ് ഡിസ്പോസൽ (ഡിജി എസ്എൻഡി) , കണക്കുകളും ഓഡിറ്റും നടത്തിയിരുന്ന കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ‘പേ ആന്റ് എക്കൗണ്ട്സ് സ്പ്ലൈ’ ഓഫീസിലെ എല്ലാ വിഭാഗത്തിൽപ്പെട്ട മുൻജീവനക്കാരും ‘ സപ്ലൈ ആക് (ടupplyAC) 2024′ എന്ന പേരിൽ സംഘടിപ്പിച്ച ഈ അപൂർവ്വസംഗമത്തിൻ്റെ ഭാഗഭാക്കായിരുന്നു.
രാജ്യത്തിൻറെ വിവിധ കോണിൽ നിന്നും ചേക്കേറിയ മലയാളിയും തമിഴനും തെലുങ്കനും കന്നടക്കാരനും മറാട്ടിയും ഹിന്ദിക്കാരനും ഗുജറാത്തിയും മാർവാടിയും സിന്ധിയും ബംഗാളിയും കൂട്ടായ്മയുടെ ഭാഗമായപ്പോൾ രാജ്യത്തിൻ്റെ ബഹുസ്വരതയുടെ പരിച്ഛേദമായി നമ്മുടെ പുനസംഗമം മാറി’
സപ്ലൈആക്(ടupplyAC) 2024നു നേതൃത്തം നൽകിയവരിൽ ഒരാളായ ജനാർദ്ദനൻ പറഞ്ഞു .
രാജ്യത്തിൻ്റെ സാംസ്കാരികമോ സാമൂഹികമോ മതപരമോ ഭാഷാപരമോ ആയ ഭിന്നതകളില്ലാതെ വർഷങ്ങളോളം ബല്ലാർഡ് എസ്റ്റേറ്റിലെ എക്സ്ചേഞ്ച് ബിൽഡിങ്ങിൽ പകലന്തിയോളം കഴിഞ്ഞവർക്ക് ഒരു പകൽ നൽകിയ ഊർജ്ജം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
91 വയസ്സ് കഴിഞ്ഞ വിനോദ് ദോഷിയും 60 ൻ്റെ നിറവിൽ ഓടി നടന്നിരുന്ന സൈമൺ ഡിസൂസയും സാധന പാർക്കറും അടങ്ങിയ നൂറോളം പേർ അടുത്തവർഷം വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഫോട്ടോഷൂട്ടുo കഴിഞ്ഞു മടങ്ങിയത് സംഘാടകരെ സംബന്ധിച്ചിടത്തോളം പ്രത്യാശ പകർന്ന ഒന്നായിരുന്നു.
നവംബർ 30നാണ് ബോംബെ കേരളീയ സമാജം മാട്ടും ഗ യിലെ നവതി ഓഡിറ്റോറിയത്തിൽ ‘സപ്ലൈആക് 2024’ നടന്നത്.
(ഇന്ത്യാഗവൺമെന്റിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള DGS&D യും തൽബലമായി 201 7 ഒക്ടോബർ 31ന് പേ ആന്റ് അക്കൗണ്ട്സ് ഓഫീസും അടച്ചുപൂട്ടി)