സന്തോഷത്തിന്റെ സമയമെന്ന് സുനിത വില്യംസ് ; ബഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ

0

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു.

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്.

ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തതിനും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ സംഭാവനകള്‍ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സുനിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

”ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അതുല്യമായ അവസരമാണ് എനിക്കുള്ളത്. ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ചും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്.” – സുനിത പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു. അഞ്ചു മാസത്തോളമായി ബഹിരാകാശത്ത് കഴിയുന്ന ഇവര്‍ 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *