സുനിത എഴുമാവിലിൻ്റെ ‘പ്രിയ നഗരമേ നിനക്ക്’ ചർച്ചചെയ്‌ത്‌, ഇപ്റ്റ- മുംബൈ

0

 

മുംബൈ : ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിൻ്റെ ‘പ്രിയ നഗരമേ’ നിനക്ക് എന്ന കവിതാ സമാഹാരത്തിൻ്റെ ചർച്ച ആഴത്തിലുള്ള നിരീക്ഷണങ്ങൾ കൊണ്ട് നൂതനാനുഭവമായി.

‘ഇപ്റ്റ കേരള മുംബൈ ‘ഘടകമാണ് താനെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റി ബോർഡ് റൂമിലാണ് നിറഞ്ഞ സദസ്സിൽ കവിതാ സായാഹ്നം സംഘടിപ്പിച്ചത്.

സ്വയംഭൂത്വമാണ് കവിതയുടെ ഒരു ലിറ്റ്മസ് ടെസ്റ്റ് എന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും ആർജിത കാവ്യസംസ്കാരവും പദനിഷ്ടകളും ബിംബ സ്വീകരണവുമൊക്കെ ഈ ജൈവ പ്രക്രിയയിലേക്ക് വന്നു ചേരുമ്പോൾ നല്ല കവിത പിറക്കുന്നു എന്നും തോന്നുന്നു എന്ന് സാഹിത്യ വിമർശകൻ ജി വിശ്വനാഥൻ പറഞ്ഞു. കവിതകളിൽ ഈ സ്വയംഭൂത്വത്തിൻ്റെ അടയാളങ്ങൾ ദൃശ്യപ്പെടുന്നതു കാണാതെ പോവാനാവില്ല എന്നാണ് തൻ്റെ വായനാനുഭവം എന്നും കവിത, പ്രണയം, സ്വപ്നം, നഗരം ഇങ്ങനെ വിഷയ ബന്ധത്തിൽ വിഭജിച്ചു നോക്കിയപ്പോൾ ഏറ്റവും കൂടുതൽ കവിതകൾ, കവിതയെപ്പറ്റിത്തന്നെ ആകുന്നു എന്നത് ആശ്ചര്യത്തോടെയാണ് ഞാൻ ശ്രദ്ധിച്ചത് എന്നും വിശ്വനാഥൻ പറഞ്ഞു.

സുനിത എഴുമാവിലിൻ്റെ കവിതാ സമാഹരത്തിലൂടെ കടന്നുപോവുമ്പോൾ പല കാവ്യകാലങ്ങളിലൂടെയും സഞ്ചരിക്കുന്ന അനുഭവം ഉണ്ടാവുന്നുവെന്നും, എല്ലാ കാലങ്ങളിലും വാക്കിനെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ട് കവി കാവ്യകല നിർവഹിക്കുന്നു എന്ന് എഴുത്തുകാരൻ പി എസ് സുമേഷ് പറഞ്ഞു.
കവിത എന്നത് ഏത് കാലത്തിലൊഴുകിയാലും സൗന്ദര്യമായി അനുഭവിക്കണം എന്ന ശാഠ്യം സുനിതയിലുണ്ട് എന്ന് സുമേഷ് അഭിപ്രായപ്പെട്ടു.

 

പെണ്ണ് ഉള്ളിലൊതുക്കിയ പ്രണയവും വേദനയും അമർഷവുമാണ് സുനിതയുടെ കവിതകളെന്നും വാക്കുകൾ പുറത്തുവരാത്തപ്പോൾ നെഞ്ചിലെരിയുന്ന പ്രതിഷേധത്തിന്റെ ശബ്ദമാണത് എന്നും എഴുത്തുകാരി മായാദത്ത് പറഞ്ഞു.
ഞാനും നീയുമെന്ന വടം വലികൾ ഉള്ളുലയ്ക്കുമ്പോഴും ഞാനും നീയും രണ്ടല്ല ഒന്ന് തന്നെയെന്ന കവയിത്രിയുടെ വിശ്വാസം വരികളിൽ പ്രതിധ്വനിക്കുന്നു എന്ന് മായാദത്ത് ചൂണ്ടിക്കാട്ടി. “എനിക്കുമുന്നേ കടന്നുപോയ മറ്റാരാണ് ഞാൻ” എന്ന ചോദ്യത്തിലൂടെ, അധികാര വർഗ്ഗത്തിന്റെ, ആണഹങ്കാരത്തിന്റെ, മേധാവിത്വത്തിന്റെ ചാട്ടവാറടി പേടിച്ച് ദൈവങ്ങളെപ്പോലും ഇരുട്ടറകളിലും പശുത്തൊഴുത്തിലും പെറ്റിടേണ്ടിവന്ന സ്ത്രീത്വത്തിന്റെ ഇനിയുമഴിയാത്ത ചങ്ങലകളുടെ കിലുക്കമാണ് വായനക്കാരന്റെ ഹൃദയത്തിൽ കവയിത്രി മുഴക്കുന്നത് എന്ന് മായാദത്ത് കൂട്ടിച്ചേർത്തു.

ദീർഘനാളത്തെ ആഴത്തിലും പരപ്പിലുമുള്ള വായനയിൽനിന്നും ജീവിതപരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചതിൽ നിന്നും ആർജ്ജിച്ച അനുഭൂതികളും ഭാവുകത്വങ്ങളും സ്വാംശീകരിച്ച് മനസ്സിലിട്ടുസംസ്കരിച്ച് രൂപഭംഗിയുള്ള വരികളായി പുറത്തു വന്ന ഈ കവിതകൾ ആസ്വാദകർക്ക് ആഹ്ളാദം പകരുന്നവയാണ് എന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഇ കെ കുറുപ്പ് പറഞ്ഞു. പത്തുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി ‘പ്രതിപദം ഭാഷണഭേദം’ എന്ന ‘തെസോറസ് ‘മലയാളത്തിന് നൽകിയ കുറുപ്പ് സുനിതയുടെ കവിതയിലെ ഓരോ വായനയിലും പുതിയ അർത്ഥതലങ്ങൾ വെളിപ്പെടുന്നുവെന്നും ഈ കവിതകൾ ആഴത്തിലുള്ള പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ടെന്നും പ്രസ്താവിച്ചു.

അനാദൃശ്യമായ പദസമ്പത്തും അതിൻ്റെ അനുയോജ്യമായ സമ്മേളനങ്ങളുമായ സുനിതയുടെ കവിതകളെന്ന് പ്രശാന്ത് ആലക്കാട് വിലയിരുത്തിയപ്പോൾ പാരമ്പര്യവഴികളെ ഇറുകെ പുണരുമ്പോഴും ആധുനികതയുടെ വെളിച്ചം സുനിതയുടെ കവിതകളിൽ കാണാമെന്ന് സുമ രാമ ചന്ദ്രൻ പറഞ്ഞു.

നഗര കവികതകളിലെ വെള്ളി വെളിച്ചമാണ് സുനിതയുടെ കവിതകളെന്ന് ബിജു കോമത്ത് അഭിപ്രയപ്പെട്ടു എന്നാൽ അയത്ന ലളിതമായി ഒഴുകുകയാണ് കവയിത്രിയുടെ സർഗ്ഗസൃഷ്ടികൾ എന്ന് മോഹൻ നായർ വിലയിരുത്തി.

ശ്യാംലാൽ മണിയറ, അനയ് സതികുമാർ, ശരണ്യ സുമേഷ്, ശ്രീരാം അയ്യർ എന്നിവർ പ്രിയ നഗരമേ നിനക്ക് എന്ന സമാഹാരത്തിലെ കവിതകൾ ആലപിച്ചു.

കവയിത്രി സുനിത എഴുമാവിൽ മറുമൊഴി പകർന്നു. പി. ആർ സഞ്ജയ് നിയന്ത്രിച്ച ചർച്ചയിൽ ശ്രീകാന്ത് അയ്യരാണ് ജി വിശ്വനാഥനു വേണ്ടി പ്രഭാഷണം വായിച്ചത്. ഇപ്റ്റയുടെ താനെ ഘടകം ചുക്കാൻ പിടിച്ച കാവ്യ സായാഹ്നത്തിന് ഷാബു ഭാർഗ്ഗവൻ നന്ദി രേഖപ്പെടുത്തി.

(റിപ്പോർട്ട് : ഷാബു ഭാർഗ്ഗവൻ)

Spread the love

Leave a Reply

Your email address will not be published. Required fields are marked *