മുംബൈ നൽകിയ കരുത്തോടെ മുന്നോട്ട് …

” തിക്തമായ അനുഭവങ്ങൾ നൽകിയ കാരിരുമ്പിൻ്റെ കരുത്തിലൂടെ ജീവിതത്തെ രൂപപ്പെടുത്തിയ ഒരാളാണ് ഞാൻ .പതിനേഴാം വയസ്സിൽ കൈയിലൊന്നുമില്ലാതെ വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം കൊണ്ട് ഈ മഹാ നഗരത്തിലെത്തി കഠിനാദ്ധ്വാനം കൊണ്ട് ഒന്നുമില്ലായ്മ്മയെ അതിജീവിച്ച് , ഇന്ന് മാന്യമായൊരു വ്യവസായം നടത്തി കുടുംബസമേതം ജീവിക്കുന്നതിന് പിന്നിൽ എന്നെ ചേർത്തുപിടിച്ച ഈ നഗരത്തിൻ്റെ
അദൃശ്യ കരങ്ങളുണ്ട് .എന്നെപ്പോലെ വെറും വട്ടപൂജ്യവുമായി വന്ന് ചോര നീരാക്കി ജോലിചെയ്‌തു ഈ ബോംബെയുടെ തണലിൽ നിന്നുകൊണ്ട് സമ്പന്നരായ മലയാളികളുടെ ജീവിത കഥകൾ തന്നെയാണ് എനിക്കെന്നും തളരാതെ മുന്നോട്ടു പോകാനുള്ള കരുത്ത് നൽകിയിട്ടുള്ളത്.അവർ തന്നെയാണ് എൻ്റെ മാതൃക .വിലയും നിലയും വേണമെങ്കിൽ കൈയിൽ പണം വേണം ,അല്ലെങ്കിൽ എവിടെയും ചെന്നാലും നമ്മളെ സ്വീകരിക്കുക പുച്ഛിക്കുന്ന മുഖങ്ങളാണ് എന്ന് അനുഭവങ്ങളിലൂടെ ലഭിച്ച തിരിച്ചറിവ് കൂടിയാണ് എന്നെ കഠിനാദ്ധ്വാനിയാക്കിയത് . തളർന്നപ്പോഴൊക്കെ എന്നെ കൈപിടിച്ചുയർത്തിയത് ഈ മുംബൈ ആണ്.അതുകൊണ്ടു തന്നെ നന്ദി പറയുന്നതെന്നും ഈ നഗരത്തോടും ദൈവത്തോടുമാണ് …
പത്താം ക്ലാസ് കഴിഞ്ഞ ഉടനേ മുംബൈയിൽ ഉള്ള വല്ല്യേച്ചിയുടെ അടുത്തേക്കാണ് വണ്ടി കയറി വന്നത് , ഒരുപാട് പണികൾ ചെയ്തു, പഠിക്കാതെ തന്നെ ജീവിതം കരുപ്പിടിപ്പിച്ച ഒരാളാണ് ഞാൻ. പൈസ ഉള്ളവന് സമൂഹത്തിന്റെ മുന്നിൽ വിലയുണ്ട് എന്നറിഞ്ഞപ്പോൾ , എങ്ങനെയും നേരായ മാർഗ്ഗത്തിൽ കുറച്ചു പൈസ ഉണ്ടാക്കണം എന്ന് മാത്രമായിരുന്നു ലക്‌ഷ്യം.പല തൊഴിലും ചെയ്തതിന് ശേഷമാണ് കപ്പലിൻ്റെ അറ്റകുറ്റപ്പണികൾ( മെയ്ന്റനൻസ്) ചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്കു ചേർന്നത് .അവിടെ നിന്നും പണി പഠിച്ചു. സ്വന്തമായി ചെറിയ രീതിയിൽ ജോലിക്കാരെ വച്ച് കരാർപണികൾ ഏറ്റെടുത്തു നടത്താൻ തുടങ്ങി.
പതുക്കെ അത് വളർന്നു . ഇന്ന് എന്റെ കീഴിൽ ഇരുപതോളം മറൈൻ ഇഞ്ചിനീയർമാരും, നൂറോളം ജോലിക്കാരും, അഞ്ചിടങ്ങളിൽ (വിശാഖപട്ടണം , മുംബൈ, കാർവാർ, ആൻഡമാൻ, കൊച്ചി) സ്വന്തം സ്ഥാപനവും അവിടങ്ങളിൽ മുപ്പതോളം ഓഫീസ് ജീവനക്കാരും ഉണ്ട്. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും ജീവിതത്തെ മുന്നോട്ടു നയിച്ചത് ഈ നഗരമാണ്.അനുഭവങ്ങൾ നൽകിയ പാഠങ്ങളിലൂടെയാണ് ജീവിതത്തിൽ ഞാൻ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തത് .
നടന്നു വന്ന പാതകൾ മറന്നിട്ടില്ല . അതുകൊണ്ടു തന്നെ ദൈവത്തെ മറന്നൊന്നും ചെയ്യാറില്ല.
“Behind every successful man there is a woman.” എന്ന വചനത്തെ അന്വർത്ഥമാക്കിയ ആളാണ് തികഞ്ഞ ദൈവഭക്തയായ എന്റെ ഭാര്യ ലാലി.ഇപ്പോൾ മകളും, മകനും, മരുമകനും,കൊച്ചു മകനുമടങ്ങുന്ന എന്റെ ലോകത്ത് ബന്ധുക്കളും സൗഹൃദങ്ങളും കൂടി ആകുമ്പോൾ ഞാൻ സന്തോഷവാനാണ് . എപ്പോഴും കൂടെ കട്ടക്ക് നിൽക്കുന്ന മുംബൈയിലെ കുറെ സുഹൃത്തുക്കൾ !
അതേ ,ഒന്നുമില്ലായ്‌മയിൽ നിന്ന് എനിക്ക് ആഗ്രഹിച്ചതൊക്കെ നൽകിയത് ഈ മഹാനഗരമാണ് . നഗരമേ നന്ദി …”
റാഫേൽ ജോസഫ് .
(നാഹുറിൽ ‘ഷൈൻ ഇൻഡസ്ട്രീസ്’ എന്നപേരിൽ സ്വന്തമായൊരു വ്യവസായസ്ഥാപനം നടത്തുന്ന റാഫേൽ ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്.സ്വദേശം ഇരിങ്ങാലക്കുട -തുമ്പൂർ. കല്യാൺ രൂപതയുടെ രുപീകരണത്തിലും താനെ വാഗ്ലെ എസ്റ്റേറ്റിലെ സാൻജോസ് ചർച്ചിൻ്റെയുമൊക്കെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചവരിൽ റാഫേലുമുണ്ട് . ചർച്ചിൻ്റെ ട്രസ്റ്റി,കമ്മിറ്റി അംഗം ,യൂത്തു വിംഗ് ,പിതൃവേദി എന്നിവയുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് .കേരള കാത്തലിക് അസ്സോസിയേഷൻ്റെ ( KCA)കമ്മിറ്റി അംഗവും സജീവപ്രവർത്തകനും കൂടിയാണ്. താനെയിൽ താമസിക്കുന്നു .)