മുംബൈക്ക് നിരാശ: സൺറൈസേഴ്സിന് മിന്നും ജയം.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 278 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് തോല്‍വി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.
ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ലാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തിലക് വര്‍മയുടെ (34 പന്തില്‍ 64) നേതൃത്വത്തില്‍ മുംബൈ ഒരു ശ്രമം നടത്തിയെങ്കിലും വിജയിപ്പിക്കാനായില്ല. കൃത്യായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ (12 പന്തില്‍ 26) – രോഹിത് ശര്‍മ (13 പന്തില്‍ 34) സഖ്യം 56 റണ്‍സ് ചേര്‍ത്തു. ഇഷാനാണ് ആദ്യം മടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് ആയിരിക്കെ രോഹിത്തും മടങ്ങി.
പിന്നീട് നമന്‍ ധിര്‍ (14 പന്തില്‍ 30) – തിലക് സഖ്യം 84 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഒരുഘട്ടത്തില്‍ ധിര്‍ മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് (20 പന്തില്‍ 24) വേണ്ടത്ര വേഗത്തില്‍ റണ്‍സ് ഉയര്‍ത്താനായില്ല. ഇതിനിടെ തിലകും മടങ്ങി. ആറ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. ഹൈദരാബാദിന് വേണ്ടി ജയ്‌ദേവ് ഉനദ്കട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.