സുജിത്ത് നേരിട്ടത് കൊടും ക്രൂരത

0
samakalikamalayalam 2025 09 03 qkcg3lv6 police statio 2

തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നേരിട്ട മർദനം സംബന്ധിച്ച് ​ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും‌ കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നും സുജിത്ത് പറഞ്ഞു.

മർദനത്തിന് പിന്നാലെ ഇടത് ചെവിക്ക് കേൾവി പ്രശ്നം നേരിട്ടെന്നും യുവാവ് പറയുന്നു. എസ് ഐയുടെ നിർദേശപ്രകാരമാണ് പൊലീസുകാർ മർദിച്ചതെന്നും താൻ പാർട്ടി പ്രവർത്തകനായതിനാലാകാം മർദിച്ചതെന്നും സുജിത്ത് പറയുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പറയുന്നത് കേൾക്കാൻ പൊലീസ് തയ്യാറായില്ല. സിസിടിവിയിൽ കാണുന്നതിന് പുറമെ കെട്ടിടത്തിന്റെ മുകൾ നിലയിൽ കൊണ്ടുപോയി മർദിച്ചു. ചുമരിനോട് ചേർത്ത് ഇരുത്തി കാൽ നീട്ടിവെപ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ട് തല്ലി. തല്ലിയതിന് ശേഷം നിവർന്ന് നിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ലെന്നും യുവാവ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിലാണ് പൊലീസ് മർദനത്തെകുറിച്ച് തുറന്നു പറഞ്ഞതെന്നും ശരീരം മോശം അവസ്ഥയിലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.

സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് താനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ ദൃശ്യങ്ങൾ തരാൻ പൊലീസ് വിസമ്മതിച്ചെന്നും സുജിത്ത് പറയുന്നു. കേസ് ഒതുക്കിതീർക്കാൻ സംസാരങ്ങളുണ്ടായെങ്കിലും അതിന് വഴങ്ങിയില്ല. സസ്‌പെൻഷൻ മാത്രം പോര പൊലീസിൽ തുടരാൻ അവർ അർഹരല്ലെന്നും കരുതിക്കൂട്ടിയാണ് തന്നെ മർദിച്ചതെന്നും സുജിത്ത് പറഞ്ഞു.

2023 ഏപ്രിൽ അഞ്ചാം തീയതി ചൊവ്വന്നൂരിൽ വെച്ചാണ് സംഭവം നടന്നത്. വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്ന് വ്യക്തമായി.

പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുത്തു.

സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകാൻ തയ്യാറായിരുന്നില്ല. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷൻ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടർന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാവാൻ കർശന നിർദേശം നൽകുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *