സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും; എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം? മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

0

കോട്ടയം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കു പിന്നാലെ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എഡ‍ിജിപി എം.ആർ.അജിത് കുമാറും മുഖ്യമന്ത്രിയെ കാണും. അജിത് കുമാർ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഡിജിപി വീണ്ടും മുഖ്യമന്ത്രിയെ കാണും. അജിത് കുമാറിനെതിരെ അന്വേഷണം വേണമോയെന്നു ചർച്ചകൾക്കു ശേഷം തീരുമാനിക്കും. അൻവർ പരാതി നൽകിയാൽ ഉന്നതസമിതി അന്വേഷണം വേണ്ടിവരുമെന്നാണു പ്രാഥമിക വിലയിരുത്തൽ.

പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. ‍ഡിജിപി എസ്.ദർവേഷ് സാഹിബും എഡിജിപി എം.ആർ.അജിത് കുമാറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. എഡിജിപി സൈബർ സെല്ലിനെ ഉപയോഗിച്ചു മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സൈബർ സെല്ലിൽ നിയോഗിച്ചതായും അൻവർ പറഞ്ഞു.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത്ദാസ് അടിച്ചുമാറ്റിയെന്നും അൻവർ ആരോപിച്ചു. പി.വി അന്‍വറുമായുള്ള സുജിത്ദാസിന്റെ ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. എസ്പി സുജിത്ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയെന്നാണു വിവരം. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസ് സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറും.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും വാ‍ർത്താസമ്മേളനത്തിൽ അൻവർ ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയെ ഡിജിപി നേരിൽക്കണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *