ഡിസിസി ട്രഷററുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം
കല്‍പ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. എംഎൽഎ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ, മുന്‍ ജില്ലാ ട്രഷറര്‍ കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
തെളിവുകൾ നശിപ്പിക്കരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങി ഉപാധികളാണ് കോടതി മുന്നോട്ട് വച്ചത്. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.