കണ്ണൂർ വീണ്ടും സുധാകരന്റെ കോട്ട; സിപിഎം മണ്ഡലങ്ങളിലും റെക്കോര്‍ഡ് ഭൂരിപക്ഷം
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ റെക്കോര്‍ഡ് വിജയം. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് സിപിഎമ്മിലെ എംവി ജയരാജനെ പരാജയപ്പെടുത്തിയത്.ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ തേരോട്ടം.
പോസ്റ്റല്‍ വോട്ടില്‍ കൗണ്ടിങ് തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്‍, ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിന്‍ തുറന്നപ്പോള്‍ ഓരോ ഘട്ടത്തിലും സുധാകരന്‍ മുന്നേറുകയായിരുന്നു.
നിലവില്‍ കണ്ണൂര്‍ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന്‍ ആണ് രണ്ടാം സ്ഥാനം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് മൂന്നാം സ്ഥാനത്താണെങ്കിലും ചരിത്രത്തിലാദ്യമായി കണ്ണൂരിൽ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള് ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം അടക്കം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉറപ്പിച്ചായിരുന്നു സുധാകാരന്റെ വിജയം. 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
എന്‍ഡി.എ സ്ഥാനാര്‍ത്ഥി സി രഘുനാഥ് 1,14000 വോട്ടുകളാണ് നേടിയത്. സുധാകരന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ടു ഡിസിസി ഓഫിസില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും ആഹ്‌ളാദ പ്രകടനവും നടത്തി