സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നടന്നത് ഗുരുതരമായ നിയമലംഘനമാണ്. കേസെടുത്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്.