സബ്ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തൊടുപുഴ: പീരുമേട് സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറിനെയാണ് പീരുമേട് സബ്ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോക്സോ കേസിൽ കട്ടപ്പന സെഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് കുമാർ. ഇയാളുടെ കേസിന്റെ വിസ്താരം അവസാന ഘട്ടത്തിലാണ്. കേസിൽ വിധി വരാനിരിക്കയാണ് കുമാർ ജീവനൊടുക്കിയത്.
2024 ഡിസംബറിൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഭാര്യയുടെ പരാതിയിലാണ് കുമാറിനെ കുമളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കുമാറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് ജയിൽ ജീവനക്കാർ പറയുന്നു. സഹതടവുകാരോട് പ്രേതങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കുമാർ സംസാരിച്ചിരുന്നുവെന്നാണ് വിവരം.വസ്ത്രം കഴുകാൻ ഡ്യൂട്ടി ഓഫീസറോട് അനുവാദം വാങ്ങി ശുചി മുറിയിലേക്ക് പോയ കുമാർ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ജയിൽ ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൻ ജയിലിൽ എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കുമാറിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ വിശദമായ പരിശോധനകൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.