സ്കൂൾ തുറന്ന ആദ്യ ദിവസം അധ്യാപകർക്കെതിരെ പരാതി

പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയതായി പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട് . ഇന്ന് രാവിലെയാണ് സംഭവം നടന്നത് . മകനെ സ്കൂളിൽ വിട്ട ശേഷമാണ് പിതാവ് ജോലിക്കായി പോയത്. എന്നാൽ സ്കൂളിൽ നിന്ന് മടങ്ങും മുൻപ് മകനെ അധ്യാപകർ വിളിച്ചുനിർത്തി സംസാരിക്കുന്നത് അച്ഛൻ ശ്രദ്ധിച്ചു. ജോലിക്കായി പോയ പിതാവിനെ സ്കൂൾ അധികൃതർ പിന്ന വിളിച്ചുവരുത്തി.
തിരക്കാണെന്ന് പറഞ്ഞ അച്ഛനോട് ഉടൻ വന്നില്ലെങ്കിൽ മകൻ സ്കൂൾ വിടും വരെ ക്ലാസിന് പുറത്തുനിൽക്കുമെന്നായിരുന്നു അധികൃതർ നൽകിയ മറുപടി. ഇതോടെ പിതാവ് സ്കൂളിലെത്തുകയായിരുന്നു . അവിടെവച്ച് അധ്യാപകർ കുട്ടിയുടെ മുടിയെ കുറിച്ച് സംസാരിച്ചു. നാളെ മുടിവെട്ടാമെന്ന് സമ്മതിച്ചാണ് താൻ സ്കൂളിൽ നിന്ന് മടങ്ങിയതെന്നും പിതാവ് പറഞ്ഞു.