പൊറുതിമുട്ടിയ എം.വി.ഡി ; എം.വി.ഡി ഡീസൽ വാഹനത്തിലേക്ക്
ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് നഷ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നു. 20 വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി വിഹിതത്തില്‍ നിന്നും 200 ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം കാലവധി അവസാനിക്കുന്ന 59 വാഹനങ്ങള്‍ക്ക് പകരമാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്.
2018 ല്‍ ഇലക്ട്രിക് വാഹനനയത്തിനൊപ്പമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ വൈദ്യുതി വാഹനങ്ങള്‍ വാങ്ങണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്. വാടകയ്ക്ക് എടുക്കാനും അനുമതി നല്‍കി. ഉയര്‍ന്ന വാടകയും, ഒറ്റ ചാര്‍ജിങ്ങില്‍ ഓടുന്ന ദുരക്കുറവും പരാമര്‍ശിച്ച് പോലീസ് ഉള്‍പ്പെടെയുള്ള മറ്റുവകുപ്പുകള്‍ വാടക ഇലക്ട്രിക് വാഹനങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നു.
എന്നാല്‍, ഗതാഗതവകുപ്പ് മാത്രം കടുംപിടിത്തം തുടര്‍ന്നു. ഇളവ് തേടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സമീപിച്ചെങ്കിലും അനുവദിച്ചില്ല. നേരത്തെ പിന്‍വലിച്ച 93 വാഹനങ്ങള്‍ക്ക് പുറമേ, ഈ വര്‍ഷം 59 എണ്ണം കൂടി ഒഴിവാക്കേണ്ടിവരുന്നതോടെ വകുപ്പ് പൂര്‍ണ്ണമായും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ഇ-വാഹനങ്ങള്‍ വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിത്.
വൈദ്യുതി വാഹനങ്ങള്‍ക്ക് വിലയെക്കാള്‍ വാടക നല്‍കിയതും വിവാദമായിരുന്നു. 65 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒമ്പതുകോടി രൂപയിലേറെയാണ് മോട്ടോര്‍ വാഹനവകുപ്പ് വാടക നല്‍കിയിരുന്നത്. പട്രോളിങ് വാഹനങ്ങളുടെ അഭാവത്തില്‍ ഇത്തവണത്തെ ശബരിമല സേഫ് സോണ്‍ പദ്ധതി പ്രതിസന്ധിയിലാണ്. ശബരിമല പാതകളില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തി അപകടങ്ങള്‍ കുറയ്ക്കുന്നതാണ് പദ്ധതി.
എന്നാല്‍ നിരീക്ഷണത്തിന് വാഹനങ്ങളില്ല. ചാര്‍ജിങ് സൗകര്യം കുറവായതിനാല്‍ ഇ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും പരിമിതിയുണ്ട്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മാത്രം 60 കിലോമീറ്റര്‍ ഓടോണ്ട അവസ്ഥയാണ്. ഒരു ചാര്‍ജില്‍ പരമാവധി 100 കിലോമീറ്ററാണ് ഇ വാഹനങ്ങള്‍ ഓടുന്നത്. ചാര്‍ജ് ചെയ്ത് മടങ്ങിയെത്തുമ്പോള്‍ കുറച്ചുദൂരം മാത്രമേ നിരീക്ഷണം നടത്താന്‍ കഴിയുകയുള്ളൂ.