ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്

ദുബായ് :ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെസെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്ഥിരീകരിച്ചു. 2027 ഏകദിന ലോകകപ്പിനായി ഓസ്ട്രേലിയൻ യുവനിരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇനിയുള്ളത്. അതിനാൽ ഇതാണ് ഓസ്ട്രേലിയൻ ടീമിൽ നിന്ന് പിന്മാറാനുള്ള ശരിയായ സമയമെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.ഏകദിന ക്രിക്കറ്റിലെ എൻ്റെ യാത്ര ഏറെ മികച്ചതായിരുന്നു. അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഒരുപാട് മികച്ച ഓർമകൾ എനിക്ക് ക്രിക്കറ്റിലുണ്ട്. രണ്ട് ലോകകപ്പുകൾ സ്വന്തമാക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ യാത്രയിൽ ഏറെ മികച്ച സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചു. സ്മിത്ത് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റായിരിക്കും ഇനി എന്റെ പ്രഥമ പരിഗണനയിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലാണ് മുന്നിലുള്ള ലക്ഷ്യം. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെയും , ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്ബരകളുണ്ട്. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് സംഭാവനകൾ നൽകാൻ കഴിയുമെന്നും സ്മിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.