മൊഴി നൽകാൻ ‘രഹസ്യ’മായി എത്തി പ്രശാന്ത്; പണയംവച്ച് പണം സംഘടിപ്പിച്ചെന്ന വാദം സ്ഥിരീകരിക്കാതെ പൊലീസ്
കണ്ണൂർ ∙ എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പരിയാരം മെഡിക്കൽ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരൻ ടി.വി.പ്രശാന്ത് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കു മുന്നിൽ മൊഴി നൽകാൻ മെഡിക്കൽ കോളജിലെത്തി. ഉച്ചയ്ക്ക് 12.30 നാണ് പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് പ്രശാന്ത് ഇലക്ട്രിക് വിഭാഗത്തിലെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് മൊഴിയെടുപ്പ്.എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന ടൗൺ സിഐ ശ്രീജിത്ത് കൊടേരിക്കു മുന്നിൽ രണ്ടുതവണ മൊഴി നൽകാൻ രഹസ്യമായി ടി.വി.പ്രശാന്ത് എത്തിയിരുന്നു.
മൊഴിയെടുപ്പിനു ശേഷം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തരുടെ മുന്നിൽനിന്ന് ഓടിമാറുകയായിരുന്നു. കൈക്കൂലി നൽകാൻ ഒരു ലക്ഷം രൂപയ്ക്കായി ഭാര്യയുടെ സ്വർണം പണയംവച്ചെന്നായിരുന്നു പ്രശാന്തിന്റെ മൊഴി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പല സുഹൃത്തുക്കളിൽനിന്നായി പണം കടംവാങ്ങിയെന്നും ഒരു ലക്ഷം രൂപ തികയാത്തതിനാൽ കയ്യിലുണ്ടായിരുന്ന 98,500 നൽകിയെന്നുമായിരുന്നു ആദ്യദിവസം പ്രശാന്ത് പറഞ്ഞത്.
അതാണിപ്പോൾ സ്വർണം പണയം വച്ചെന്നായത്.ഒരു ലക്ഷം രൂപ പോലും എടുക്കാനില്ലാത്ത ആൾ എങ്ങനെ ഒന്നരക്കോടി രൂപ മുതൽമുടക്കുള്ള സംരംഭം തുടങ്ങും എന്ന ചോദ്യവും ഉയരുന്നുണ്ട്. മെഡിക്കൽ കോളജ് ജീവനക്കാരനായ ടി.വി.പ്രശാന്തിനെ സർവീസിൽനിന്നു പുറത്താക്കുമെന്നു മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എഡിഎമ്മിന്റെ മരണ ശേഷം പ്രശാന്ത് ഇതുവരെ മെഡിക്കൽ കോളജിൽ ജോലിക്ക് എത്തിയിരുന്നില്ല