സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായതും നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, പടിഞ്ഞാറൻ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്കും സാധ്യത.
ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത. ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്