സംസ്ഥാന പണിമുടക്ക് : ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം :ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശമുണ്ട്. ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശമുണ്ട്.
ശമ്പള പരിഷ്ക്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പ്രതിപക്ഷ സംഘടനകൾ ആണ് പണിമുടക്കുന്നത്.അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് (ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 22ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന പണിമുടക്കത്തിൽ കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും അടച്ചുകൊണ്ട് ജീവനക്കാർ പണിമുടക്കും
ജനുവരി 22ന് വിവിധ സർവീസ് സംഘടനകളും, അധ്യാപക സർവീസ് സംഘടനാ സമരസമിതിയും പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന പണിമുടക്കത്തിൽ കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും അടച്ചുകൊണ്ട് ജീവനക്കാർ പണിമുടക്കുമെന്ന് കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.
പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന സർക്കാർ തീരുമാനം നടപ്പിലാക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പണമായി നൽകുക, ആരോഗ്യ ഇൻഷുറൻസ് സർ ക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുക, 11-ാം ശമ്പളപരിഷ്കരണ കുടിശിക യും, ക്ഷാമബത്ത കുടിശികയും അനുവദിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐയുടെ ജോയിന്റ് കൗൺസിലും പ്രതിപക്ഷ സർവീസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തിലെ റവന്യു വകുപ്പിലെ ജീവനക്കാരും ദീർഘനാളായി ഇത്തരം ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിവരികയാണെന്ന് റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു. സിവിൽ സർവീസിന്റെ നിലനില്പിന് വേണ്ടിയുള്ള 22 ലെ സൂചനാ പണിമുടക്കം റവന്യു വകുപ്പിൽ സമ്പൂർണമാക്കുമെന്ന് കേരള റവന്യു ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി ശ്രീകുമാർ, ജനറൽ സെക്രട്ടറി എം എം നജീം എന്നിവർ പറഞ്ഞു.